ഷാര്‍ജ: കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ ഇന്നത്തെ മത്സരത്തില്‍ രണ്ട് സിക്‌സുകള്‍ നേടിയാല്‍ രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണെ കാത്തിരിക്കുന്നത് ഒരു റെക്കോഡാണ്. ഐ.പി.എല്ലില്‍ നൂറ് സിക്‌സറുകള്‍ നേടുന്ന താരം എന്ന റെക്കോഡാണ് സഞ്ജുവിന് സ്വന്തമാകുക. 

നിലവില്‍ 94 കളികളില്‍ നിന്നും 98 സിക്‌സറുകളാണ് സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്. ഇന്ന് രണ്ട് സിക്‌സുകള്‍ നേടിയാല്‍ ഐ.പി.എല്ലില്‍ ഈ നേട്ടം കൈവരിക്കുന്ന പത്തൊന്‍പതാമത്തെ താരമാകും സഞ്ജു.

നിലവിലെ ഫോമില്‍ ഇന്നത്തെ മത്സരത്തില്‍ സഞ്ജു റെക്കോഡ് നേടുമെന്നുതന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ വെടിക്കെട്ട് പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. സഞ്ജുവിന്റെ പ്രകടനത്തിന്റെ കരുത്തില്‍ രാജസ്ഥാന്‍ വിജയവും സ്വന്തമാക്കിയിരുന്നു. 

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയതിന്റെ റെക്കോഡ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്രിസ് ഗെയ്‌ലാണ് സ്വന്തമാക്കിയിരിക്കുന്നത്. 125 മത്സരങ്ങളില്‍ നിന്നും 326 സിക്‌സുകളാണ് ഗെയ്‌ലിന്റെ അക്കൗണ്ടിലുള്ളത്. ഐ.പി.എല്ലില്‍ 300 സിക്‌സറുകള്‍ നേടിയ ഏക താരവും ഗെയ്‌ലാണ്.  

Content Highlights: Sanju Samson is to score 100 sixes in IPL