ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ് ആരാധകരുടെ കൈയ്യടി നേടുകയായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറന്‍. എന്നാല്‍ അതിനിടയില്‍ അനാവശ്യമായി ഒരു ത്രോ എറിഞ്ഞ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് കറന്‍.

പതിനഞ്ചാം ഓവറിലാണ് സാമിന്റെ അനാവശ്യ ത്രോ അരങ്ങേറുന്നത്. മികച്ച രീതിയില്‍ പന്തെറിഞ്ഞ സാം ഓവറിന്റെ അവസാന ബോളിലും അത് ആവര്‍ത്തിച്ചു. സ്‌ട്രൈക്ക് ചെയ്ത ഋഷഭ് പന്തിന് ബോള്‍ ഒന്നും ചെയ്യാനായില്ല. ബോള്‍ നേരെ സാമിന്റെ കയ്യിലേക്ക്. 

ഈ സമയം ഋഷഭ് ക്രീസിന്റെ പുറത്തായിരുന്നു. പക്ഷേ സാമിന്റെ കൈയ്യില്‍ പന്ത് കിട്ടിയതും താരം ക്രീസിനകത്തേക്ക് കയറി. എന്നാല്‍ ഇതുകണ്ട് ആവേശം മൂത്ത സാം കറന്‍ വിക്കറ്റിന് ലക്ഷ്യമായി പന്തെറിഞ്ഞു. അത് വിക്കറ്റില്‍ കൊണ്ടില്ലെന്നു മാത്രമല്ല, പന്ത് ബൗണ്ടറി കടക്കുകയും ചെയ്തു. വിക്കറ്റ് കീപ്പര്‍ ധോനിയ്ക്ക് നിസ്സഹായനായി നോക്കി നില്‍ക്കാനെ സാധിച്ചുള്ളൂ. 

ഈ ത്രോ വൈറലായതോടെ സാം കറനെതിരെ ട്രോളുകള്‍ പലതും രംഗത്തെത്തിയിട്ടുണ്ട്. പക്ഷേ മത്സരത്തില്‍ ഗംഭീര പ്രകടനമാണ് താരം പുറത്തെടുത്തത്. നാലോവറില്‍ വെറും 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സാം സ്വന്തമാക്കി.  ഈ മത്സരത്തിലെ ചെന്നൈ ബൗളിങ് നിരയിലെ ഏറ്റവും മികച്ച പ്രകടനവും ഇതുതന്നെ.

Content Highlights: Sam Curran bluder gives delhi capitals free runs