ദുബായ്: ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ തകർപ്പൻ ക്യാച്ചെടുത്ത രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു സാംസണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ അഭിനന്ദനം. ക്യാച്ചിനുശേഷം തലയിടിച്ചുവീണ സഞ്ജുവിന്റെ വേദന തനിക്ക് മനസ്സിലാകുമെന്ന് സച്ചിൻ ട്വീറ്റു ചെയ്തു.

കൊൽക്കത്ത ഇന്നിങ്സിലെ 18-ാം ഓവറിലാണ് മനോഹര ക്യാച്ച് പിറന്നത്. ടോം കറൻ എറിഞ്ഞ ഈ ഓവറിലെ അവസാന പന്തിൽ പാറ്റ് കമ്മിൻസ് പുൾ ഷോട്ടിന് ശ്രമിച്ചു. എന്നാൽ ഇത് പാളിപ്പോയതോടെ സഞ്ജു ക്യാച്ചിനായി ശ്രമിച്ചു. ഡീപ് ബാക്ക്വാഡ് സ്ക്വയറിലേക്ക് ഓടിയെത്തിയ സഞ്ജു അൽപം മുന്നിലായിപ്പോയി. ഇതോടെ പിന്നിലേക്ക് ഉയർന്നുചാടിയാണ് മലയാളി താരം പന്ത് കൈയിലൊതുക്കിയത്.  നിലതെറ്റി താഴെപതിച്ചു. ബാലൻസ് നഷ്ടപ്പെട്ടതോടെ തലയിടിച്ചായിരുന്നു സഞ്ജുവിന്റെ വീഴ്ച്ച. ഇതോടെ സഞ്ജുവിന്റെ അടുത്തേക്ക് സഹതാരങ്ങൾ ഓടിയെത്തി. അൽപനേരം ഗ്രൗണ്ടിൽ ഇരുന്ന ശേഷം സഞ്ജു എഴുന്നേറ്റ് വീണ്ടും കളി തുടങ്ങി.

ഈ ക്യാച്ചിനുപിന്നാലെയാണ് സച്ചിൻ അഭിനന്ദനവുമായെത്തിയത്. 'സഞ്ജു സാംസൺന്റെ ഉജ്വലമായ ക്യാച്ച്. ഇത്തരത്തിൽ ഗ്രൗണ്ടിൽ ഇടിക്കുമ്പോൾ എത്രമാത്രം വേദനിക്കുമെന്ന് എനിക്കറിയാം. 1992 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ഞാനും ഇതുപോലൊരു ക്യാച്ചെടുത്തപ്പോൾ ഇതേ വേദന അനുഭവിച്ചതാണ്.' സച്ചിൻ ട്വീറ്റിൽ പറയുന്നു.

Content Highlights: Sachin Tendulkar on Sanju Samson Catch IPL 2020