അബുദാബി: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് റെക്കോര്‍ഡ്. ഐ.പി.എല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന റെക്കോഡാണ് രോഹിത്തിന് സ്വന്തമായത്.

ഇന്നത്തെ മത്സരത്തില്‍ 54 പന്തുകളില്‍ നിന്നും 80 റണ്‍സ് നേടിയതോടെ ഇതുവരെയുള്ള പല സീസണുകളിലായി താരം കൊല്‍ക്കത്തയ്‌ക്കെതിരെ 904 റണ്‍സ് നേടി. ഇതില്‍ ഒരു സെഞ്ചുറിയും ആറ് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായ ഡേവിഡ് വാര്‍ണറുടെ റെക്കോഡാണ് രോഹിത് മറികടന്നത്. 829 റണ്‍സാണ് ഡേവിഡ് വാര്‍ണറുടെ അക്കൗണ്ടിലുള്ളത്. അതും കൊല്‍ക്കത്തയ്‌ക്കെതിരെ തന്നെയാണ്.

മൂന്നാം സ്ഥാനത്ത് റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോലിയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 825 റണ്‍സാണ് താരം ഇതുവരെ നേടിയിരിക്കുന്നത്.

ഇന്നത്തെ മത്സരത്തില്‍ ആറു സിക്‌സറുകള്‍ നേടിയതോടെ ഐ.പി.എല്ലില്‍ 200 സിക്‌സറുകള്‍ നേടുന്ന നാലാമത്തെ താരമായി രോഹിത് മാറി. ക്രിസ് ഗെയ്ല്‍, ഡിവില്ലിയേഴ്‌സ്, ധോനി എന്നിവരാണ് ഇതിനുമുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 

Content Highlights: Rohit Sharma becomes highest run scorer against any team in IPL