ഷാർജ: ഐ.പി.എല്ലിൽ ശനിയാഴ്ച്ച നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 18 റൺസിന് പരാജയപ്പെട്ടിരുന്നു. ഷാർജയിലെ ചെറിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും റൺസ് വാരിക്കൂട്ടി. ആദ്യം ബാറ്റു ചെയ്ത ഡൽഹി ക്യാപിറ്റൽസ് 229 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് കൊൽക്കത്തയുടെ മുന്നിൽവെച്ചത്. എന്നാൽ ആ ലക്ഷ്യം മറികടയ്ക്കാൻ കൊൽക്കത്തയ്ക്ക് കഴിഞ്ഞില്ല. 18 റൺസിനായിരുന്നു തോൽവി.

എന്നാൽ ഇതിന് പിന്നാലെ ഡൽഹിയുടെ ഇന്നിങ്സിനിടയിലെ ഒരു സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കൊൽക്കത്തയുടെ ലെഗ് ബ്രേക്ക് ബൗളർ വരുൺ ചക്രവർത്തി ഡൽഹി ബാറ്റ്സ്മാൻമാരുടെ ബാറ്റിന്റെ ചൂടറിഞ്ഞപ്പോഴുള്ള മുഖഭാവമാണ് ആ സംഭവം. 12-ാം ഓവറിലായിരുന്നു വരുൺ ചക്രവർത്തിയുടെ കണ്ണുതുറിച്ചുള്ള ഭാവം. ഒട്ടുംവൈകാതെ ഇത് സോഷ്യൽ മീഡിയയിൽ മീം ആയി മാറി.

നിരവധി ആരാധകർ ഈ ചിത്രം പങ്കുവെച്ചു. അതിന് രസകരമായ ക്യാപ്ഷനുകളും നൽകി. ഇതിൽ ഏറ്റവും രസകരം നാഗ്പുർ സിറ്റി പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ വന്ന ട്വീറ്റായിരുന്നു. ഒടിപി(വൺ ടൈം പാസ്വേഡ്) തട്ടിപ്പിനെതിരായ അവബോധത്തിനായാണ് വരുണിന്റെ ഈ മുഖഭാവം നാഗ്പുർ പോലീസ് ഉപയോഗിച്ചത്. 'ഹെഡ് ഓഫീസിൽ നിന്ന് വിളിക്കുന്ന ബാങ്ക് ജീവനക്കാരൻ എന്ന പേരിൽ വരുന്ന ഫോൺകോളുകൾക്ക് നിങ്ങളുടെ ഒടിപി പറഞ്ഞുകൊടുത്താൽ' എന്ന കുറിപ്പോടു കൂടിയാണ് നാഗ്പുർ പോലീസ് ഈ ചിത്രം ട്വീറ്റ് ചെയ്തത്. ആരുവിളിച്ചാലും നിങ്ങൾ ഒടിപി, സിവിവി തുടങ്ങിയ കാര്യങ്ങൾ പറഞ്ഞുകൊടുക്കരുതെന്നും ട്വീറ്റിൽ മുന്നറിയിപ്പ് നൽകുന്നു.

ഡൽഹിക്കെതിരായ മത്സരത്തിൽ നാല് ഓവറിൽ 49 റൺസാണ് വരുൺ വഴങ്ങിയത്. തമിഴ്നാട് പ്രീമിയർ ലീഗിലൂടെ ഐ.പി.എല്ലിലെത്തിയ വരുണിനെ നാല് കോടി രൂപ മുടക്കിയാണ് കൊൽക്കത്ത തട്ടകത്തിലെത്തിച്ചത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ നിന്ന് നാല് വിക്കറ്റാണ് കൊൽക്കത്ത താരത്തിന്റെ സമ്പാദ്യം.

Content Highlights: Nagpur Police use Varun Chakravarthys hilarious picture to spread awareness about OTP fraud