ദുബായ്: ഐ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരേ 10 വിക്കറ്റ് വിജയം കുറിച്ചതിന് പിന്നാലെ കിങ്സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ രാഹുലിനും ഓപ്പണർ മായങ്ക് അഗർവാളിനും 'ക്ലാസെടുത്ത്' എം.എസ് ധോനി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഐ.പി.എല്ലിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.
'ഒരു മത്സരത്തെ വിലയിരുത്താൻ ധോനിയേക്കാൾ മികച്ച ആരുണ്ട്. മത്സരശേഷമുള്ള ഇത്തരം നിമിഷങ്ങൾ ആവേശം പകരുന്നതാണ്.' വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു.
പഞ്ചാബ് ബാറ്റിങ്ങിന്റെ കരുത്താണ് ഓപ്പണർമാരായ രാഹുലും മായങ്കും. കർണാടകയിൽ നിന്നുള്ള താരങ്ങളായ ഇരുവരും ഐ.പി.എല്ലിൽ ഇതുവരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ ഇരുവരും നൽകുന്ന തുടക്കം മുതലെടുക്കാൻ മധ്യനിര പലപ്പോഴും പരാജയപ്പെടുന്നതാണ് പഞ്ചാബിനെ കുഴക്കുന്നത്. രാഹുലിന്റെ ക്യാപ്റ്റൻസിയും തോൽവിയിലെ ഘടകമാണ്. ധോനിയുടെ ഉപദേശം സ്വീകരിച്ച രാഹുൽ ഇനി മികച്ച ക്യാപ്റ്റൻസി കാഴ്ച്ചവെയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Content Highlights: MS Dhoni interacts with KL Rahul and Mayank Agarwal IPL 2020