ഷാർജ: രാജസ്ഥാന്‍ റോയല്‍സിനെതിരെ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍. 50 പന്തുകളില്‍ നിന്നും 106 റണ്‍സാണ് താരം രാജസ്ഥാനെതിരെ അടിച്ചെടുത്തത്.

രാജസ്ഥാന്‍ ബൗളര്‍മാരെ ഒരു കൂസലുമില്ലാതെ നേരിട്ട മായങ്ക് തലങ്ങും വിലങ്ങും ബൗണ്ടറികള്‍ പായിച്ചു. ക്യാപ്റ്റന്‍ രാഹുലുമായി ചേര്‍ന്ന് അതിവേഗത്തില്‍ സെഞ്ചുറി കൂട്ടുകെട്ട് നേടിയ താരം വെറും 26 പന്തുകളില്‍ നിന്നും അര്‍ധസെഞ്ചുറി നേടി. പിന്നീട് സെഞ്ചുറിയിലേക്ക് എത്താന്‍ അദ്ദേഹത്തിന് 19 പന്തുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. 45 പന്തുകളില്‍ നിന്നും മായങ്ക് സെഞ്ചുറി നേടി. ഐ.പി.എല്ലില്‍ താരം നേടുന്ന ആദ്യ സെഞ്ചുറിയാണിത്.  

കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച രാഹുലിനെ സാക്ഷിയാക്കിയാണ് മായങ്ക് അടിച്ചുതകര്‍ത്തത്. രാഹുലും മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. എന്നാലും രാഹുലിനേക്കാളും ഒരു പടി മുന്നിലായിരുന്നു മായങ്കിന്റെ പ്രകടനം. 

പഞ്ചാബിന്റെ ഈ സീസണിലെ ആദ്യ മത്സരത്തിലും മായങ്ക് മികച്ച രീതിയില്‍ ബാറ്റ് ചെയ്തിരുന്നു. അന്ന് 60 പന്തുകളില്‍ നിന്നും 89 റണ്‍സാണ് താരം നേടിയത്. 

ഈ സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മായങ്ക് മുകളിലേക്ക് കയറി. 221 റണ്‍സുമായി മായങ്ക് പട്ടികയില്‍ രണ്ടാമതെത്തി. 222 റണ്‍സുമായി പഞ്ചാബിന്റെ തന്നെ രാഹുലാണ് ഒന്നാമത്. മായങ്ക് മികച്ച ഫോമില്‍ കളിക്കുന്നതുകാരണം ഗെയ്‌ലിന് ടീമിലേക്കുള്ള സാധ്യത മങ്ങി. അല്ലെങ്കില്‍ ഗെയ്‌ലിനെ ഓപ്പണറാക്കി മായങ്കിനെ മൂന്നാമനാക്കി ഇറക്കണം. നിലവിലെ സാഹചര്യത്തില്‍ ടീം മാനേജ്‌മെന്റ് അത്തരത്തിലൊരു തീരുമാനം കൈക്കൊള്ളാന്‍ സാധ്യത കുറവാണ്. 

Content Highlights: Mayank Agarwal amazing hundred performance vs Rajasthan Royals