ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആവേശത്തിന്റെയും ആകാംക്ഷയുടെയും മുള്‍മുനയിലാണ് ടീമുകള്‍. ബുധനാഴ്ചത്തെ മത്സരത്തോടെ എട്ട് ടീമുകള്‍ക്കും 12 മത്സരങ്ങള്‍ പൂര്‍ത്തിയായി.

മുംബൈ മാത്രമാണ് പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിച്ചത്. ചെന്നൈ സൂപ്പര്‍കിങ്‌സ് മാത്രമേ പ്ലേ ഓഫ് കാണാതെ പുറത്തായിട്ടുള്ളൂ. മറ്റ് ആറ് ടീമുകള്‍ക്കും അവസാന നാലിലെത്താന്‍ സാധ്യതയുണ്ടെന്നുമാത്രമല്ല, പ്ലേ ഓഫ് കാണാതെ പുറത്താകാനും സാധ്യതയുണ്ടെന്ന അവസ്ഥയാണ്. സ്വന്തം പ്രകടനത്തിനൊപ്പം മറ്റ് ഫലങ്ങളെയും ആശ്രയിച്ചാണ് ഇതെല്ലാം.

തുടര്‍ച്ചയായി അഞ്ചു മത്സരങ്ങള്‍ ജയിച്ച് കിങ്‌സ് ഇലവന്‍ പഞ്ചാബ് തിരിച്ചുവന്നതും ചൊവ്വാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തോല്‍പ്പിച്ചതും പോയന്റ് പട്ടികയെ സങ്കീര്‍ണമാക്കി.

ബാംഗ്ലൂര്‍, ഡല്‍ഹി ടീമുകള്‍ മുന്‍നിരയില്‍ തുടരുന്നതിനാല്‍ പുതിയൊരു ചാമ്പ്യന്‍ ഉയര്‍ന്നുവരാനുള്ള സാധ്യതയും സജീവമാണ്.

ടീമുകളുടെ സാധ്യത ഇപ്രകാരമാണ്.

മുംബൈ

12 മത്സരം, 16 പോയന്റ് , നെറ്റ് റണ്‍റേറ്റ് +1.186 ശേഷിക്കുന്ന എതിരാളികള്‍: ഡല്‍ഹി, ഹൈദരാബാദ്. പ്ലേ ഓഫ് ഉറപ്പിച്ചു. അടുത്ത രണ്ടു മത്സരങ്ങളും ജയിച്ചാല്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ മുംബൈക്ക് നല്ല സാധ്യത.

ബാംഗ്ലൂര്‍

12 മത്സരം, 14 പോയന്റ് , നെറ്റ് റണ്‍റേറ്റ് + 0.048
ശേഷിക്കുന്ന എതിരാളികള്‍: ഹൈദരാബാദ്, ഡല്‍ഹി. ഒരു വിജയത്തോടെ പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിക്കാം. രണ്ടും ജയിച്ചാല്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്നിലെത്താനും സാധ്യത. എതിരാളികള്‍ക്കും വിജയം നിര്‍ണായകമായതിനാല്‍ ശേഷിക്കുന്ന മത്സരങ്ങള്‍ പൊടിപാറും.


ഡല്‍ഹി

12 മത്സരം, 14 പോയന്റ് , നെറ്റ് റണ്‍റേറ്റ് + 0.030 ശേഷിക്കുന്ന എതിരാളികള്‍: മുംബൈ, ബാംഗ്ലൂര്‍ രണ്ടും ശക്തരായ എതിരാളികള്‍ക്കെതിരേ. ഇതും രണ്ടും ജയിച്ചാല്‍ മുന്നേറാം. രണ്ടും വന്‍മാര്‍ജിനില്‍ തോറ്റാല്‍ പുറത്താവാനുള്ള സാധ്യത വരെയുണ്ട്.

പഞ്ചാബ്

12 മത്സരം, 12 പോയന്റ് , നെറ്റ് റണ്‍റേറ്റ് - 0.049 
ശേഷിക്കുന്ന എതിരാളികള്‍: രാജസ്ഥാന്‍, ചെന്നൈ. ആദ്യ ഏഴ് കളികളില്‍ ആറിലും തോറ്റ പഞ്ചാബ് പിന്നീട് അഞ്ചില്‍ അഞ്ചും ജയിച്ചാണ് പ്ലേ ഓഫ് സാധ്യതയിലെത്തിയത്. ശേഷിക്കുന്ന രണ്ടുമത്സരങ്ങളിലും പഞ്ചാബ് ജയിച്ചാല്‍ രാജസ്ഥാന്റെ സാധ്യതകളെ അത് പ്രതികൂലമായി ബാധിക്കും.

കൊല്‍ക്കത്ത

12 മത്സരം, 12 പോയന്റ് , നെറ്റ് റണ്‍റേറ്റ് - 0.479 ശേഷിക്കുന്ന എതിരാളികള്‍: രാജസ്ഥാന്‍, ചെന്നൈ. ആദ്യ ഏഴുമത്സരങ്ങളില്‍ ആറിലും തോറ്റ കൊല്‍ക്കത്ത തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ ജയിച്ച് തിരിച്ചുവരികയായിരുന്നു. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാല്‍ പ്ലേ ഓഫ് സാധ്യത അവശേഷിക്കുന്നു. എതിരാളികള്‍ താരതമ്യേന ദുര്‍ബലരാണെന്ന ആനുകൂല്യമുണ്ട്.

ഹൈദരാബാദ്

12 മത്സരം, 10 പോയന്റ് , നെറ്റ് റണ്‍റേറ്റ് + 0.396 ശേഷിക്കുന്ന എതിരാളികള്‍: ബാംഗ്ലൂര്‍, മുംബൈ
ചൊവ്വാഴ്ച ഡല്‍ഹിയെ 88 റണ്‍സിന് തോല്‍പ്പിച്ചതോടെ ഹൈദരാബാദിന്റെ റണ്‍റേറ്റ് ഉയര്‍ന്നു. പ്ലേ ഓഫിലെത്തണമെങ്കില്‍ അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചാല്‍ മാത്രം പോര, കൊല്‍ക്കത്ത, പഞ്ചാബ് ടീമുകള്‍ 16 പോയന്റ് നേടാതിരിക്കുകയും വേണം. ശേഷിക്കുന്ന എതിരാളികള്‍ മുന്‍നിരക്കാരാണെന്നതും പരിഗണിക്കണം. 

രാജസ്ഥാന്‍

12 മത്സരം, 10 പോയന്റ് , നെറ്റ് റണ്‍റേറ്റ് - 0.505 ശേഷിക്കുന്ന എതിരാളികള്‍: പഞ്ചാബ്, കൊല്‍ക്കത്ത. അവസാന മത്സരത്തില്‍ മുംബൈയെ തോല്‍പ്പിച്ചതോടെയാണ് രാജസ്ഥാന്‍ വീണ്ടും പ്രതീക്ഷയിലെത്തിയത്. ഏഴുടീമുകളില്‍ പ്ലേ ഓഫിലെത്താന്‍ സാധ്യത ഏറ്റവും കുറവും രാജസ്ഥാന്. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിക്കുന്നതിനൊപ്പം , പഞ്ചാബ്-കൊല്‍ക്കത്ത-ഹൈദരാബാദ് ടീമുകള്‍ 14 പോയന്റിലെത്താതിരിക്കുകയും വേണം. അതിനുളള സാധ്യത വിരളമാണ്. 

Content Highlights: IPL Play off will be tougher for teams