ദുബായ്: ക്രിക്കറ്റില്‍ റെക്കോഡ് നേട്ടങ്ങള്‍ പലതും സ്വന്തമാക്കിയിട്ടുള്ള വിരാട് കോലിയെ കാത്ത് മറ്റൊരു നാഴികക്കല്ല് കൂടി. 

ഐ.പി.എല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ നടക്കുന്ന മത്സരത്തില്‍ 10 റണ്‍സ് കൂടി നേടാനായാല്‍ റോയല്‍ ചലഞ്ചേഴ്സ് ക്യാപ്റ്റനെ കാത്തിരിക്കുന്നത് ഒരു അപൂര്‍വ നേട്ടമാണ്. 

ട്വന്റി 20 കരിയറില്‍ 9,000 റണ്‍സെന്ന നാഴികക്കല്ലിന് 10 റണ്‍സ് മാത്രം അകലെയാണ് കോലി. ഇത് സ്വന്തമാക്കാനായാല്‍ അന്താരാഷ്ട്ര ട്വന്റി 20-യില്‍ 9,000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് കോലിയെ കാത്തിരിക്കുന്നത്. 

നിലവില്‍ 270 ട്വന്റി 20 ഇന്നിങ്‌സുകളില്‍ നിന്ന് 41.05 ശരാശരിയില്‍ 8,990 റണ്‍സാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. 9,000 റണ്‍സ് തികയ്ക്കാനായാല്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ അന്താരാഷ്ട്ര താരമാകും കോലി. ക്രിസ് ഗെയ്ല്‍ (13,296), കിറോണ്‍ പൊള്ളാര്‍ഡ് (10,370), ഷുഐബ് മാലിക്ക് (9,926), ബ്രണ്ടന്‍ മെക്കല്ലം (9,922), ഡേവിഡ് വാര്‍ണര്‍ (9,451), ആരോണ്‍ ഫിഞ്ച് (9,148) എന്നിവരാണ് കോലിക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍.

അതേസമയം കോലിക്കു തൊട്ടുപിന്നാലെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനുമായ രോഹിത് ശര്‍മയുമുണ്ട്. 8,818 റണ്‍സാണ് ട്വന്റി 20 കരിയറില്‍ രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്.

രാജസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിനിടെ ഐ.പി.എല്ലില്‍ 5500 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടവും കോലി സ്വന്തമാക്കിയിരുന്നു. നിലവില്‍ 181 എ.പി.എല്‍ മത്സരങ്ങളില്‍ നിന്ന് 37.68 ശരാശരിയില്‍ 5502 റണ്‍സാണ് കോലിയുടെ സമ്പാദ്യം. അഞ്ചു സെഞ്ചുറിയും 37 അര്‍ധ സെഞ്ചുറികളും താരം നേടിയിട്ടുണ്ട്.

Content Highlights: IPL 2020 Virat Kohli on verge of becoming first Indian to reach huge T20 milestone