ഷാര്‍ജ: ഐ.പി.എല്ലില്‍ വര്‍ഷങ്ങളായി റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിക്കുന്ന താരങ്ങളാണ് വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സും. നിരവധി തവണ മികച്ച ബാറ്റിങ് പ്രകടനങ്ങള്‍ കാണികള്‍ക്കായി പുറത്തെടുത്ത ഇരുവരും കഴിഞ്ഞ ദിവസം ഒരു അപൂര്‍ നേട്ടത്തിന് ഉടമകളായി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ മൂന്നാം വിക്കറ്റില്‍ വെറും 46 പന്തില്‍ ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് സ്വന്തമാക്കിയിരുന്നു. ഐ.പി.എല്ലില്‍ ഇരുവരുടെയും പത്താമത്തെ സെഞ്ചുറി കൂട്ടുകെട്ടായിരുന്നു ഇത്. ഇതോടെ ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ സെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളികളായ സഖ്യമെന്ന റെക്കോഡ് കോലി - ഡിവില്ലിയേഴ്‌സ് സഖ്യം സ്വന്തമാക്കി.

ബാംഗ്ലൂരിനായി കളിക്കുമ്പോള്‍ കോലി - ക്രിസ് ഗെയ്ല്‍ സഖ്യം ഒമ്പത് തവണ സെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളികളായിരുന്നു. ഈ റെക്കോഡാണ് പഴങ്കഥയായത്. മത്സരത്തില്‍ വെറും 33 പന്തില്‍ ആറു സിക്സറുകളും അഞ്ചു ഫോറുമടക്കം 73 റണ്‍സോടെ ഡിവില്ലിയേഴ്‌സ് പുറത്താകാതെ നിന്നപ്പോള്‍ കോലി 28 പന്തില്‍ നിന്ന് 33 റണ്‍സെടുത്തു.

കഴിഞ്ഞ മത്സരത്തോടെ ഐ.പി.എല്ലില്‍ കോലി - ഡിവില്ലിയേഴ്‌സ് കൂട്ടുകെട്ട് 3000 റണ്‍സും പിന്നിട്ടു. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിന്റെ റെക്കോഡും കോലി - ഡിവില്ലിയേഴ്‌സ് സഖ്യത്തിന്റെ പേരിലാണ്. 2016 സീസണില്‍ ഗുജറാത്ത് ലയണ്‍സിനെതിരേ ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത് 229 റണ്‍സാണ്. ആ മത്സരത്തില്‍ ഇരുവരും സെഞ്ചുറി നേടുകയും ചെയ്തു.

Content Highlights: IPL 2020 Virat Kohli AB de Villiers become 1st pair to share 10 century partnerships