മുംബൈ: പ്രിയപ്പെട്ടവര്‍ നഷ്ടപ്പെടുന്നത് എല്ലാവര്‍ക്കും വേദന തന്നെയാണ്. ആ വേദന മാറ്റിവെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കളത്തിലിറങ്ങേണ്ടി വന്നാലോ? കഴിഞ്ഞ ദിവസം കിങ്‌സ് ഇലവന്‍ പഞ്ചാബ് താരം മന്‍ദീപ് സിങ്ങും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം നിതീഷ് റാണയും കടന്നപോയത് ഇത്തരമൊരു ഘട്ടത്തിലൂടെയായിരുന്നു.

വെള്ളിയാഴ്ച മന്‍ദീപിന് തന്റെ പിതാവ് ഹര്‍ദേവ് സിങ്ങിനെയും റാണയ്ക്ക് ഭാര്യാപിതാവ് സുരീന്ദര്‍ മാര്‍വയേയും നഷ്ടമായിരുന്നു. ശനിയാഴ്ച ഇരുവരും തങ്ങളുടെ ടീമിനായി കളത്തിലിറങ്ങുകയും ചെയ്തു. വ്യക്തിപരമായ ദുഃഖം മാറ്റിവെച്ച് ടീമിനായി കളത്തിലിറങ്ങിയ ഇരുവരുടെയും തീരുമാനത്തെ അഭിനന്ദിച്ച് സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ രംഗത്തെത്തുകയും ചെയ്തു.

'പ്രിയപ്പെട്ടവരുടെ വിയോഗം വേദനിപ്പിക്കുന്നതാണ്. എന്നാല്‍ അവരോട് അവസാനമായി ഒന്ന് യാത്ര പറയാന്‍ സാധിക്കാതെ വരുന്നത് ഹൃദയഭേദകവും. മന്‍ദീപിനും നിതീഷ് റാണയ്ക്കും എന്റെ പ്രാര്‍ഥനകള്‍. അവര്‍ക്കും കുടുംബത്തിനും ഈ വേദനയില്‍ നിന്ന് കരകയറാന്‍ സാധിക്കട്ടെ. ഇന്ന് കളിക്കാനിറങ്ങിയതിന് അഭിനന്ദനങ്ങള്‍' - സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

IPL 2020 Sachin Tendulkar lauds Mandeep Singh and Nitish Rana for playing despite personal losses

വീഡിയോ കോളിലൂടെ പിതാവ് ഹര്‍ദേവ് സിങ്ങിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷമാണ് മന്‍ദീപ് സിങ്ങ് കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി ഓപ്പണ്‍ ചെയ്യാനെത്തിയത്. 

കരളിനുണ്ടായ അണുബാധയെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു മുന്‍ ജില്ലാ കായിക ഓഫീസറും മന്‍ദീപിന്റെ പിതാവുമായ ഹര്‍ദേവ് സിങ്ങിന്റെ അന്ത്യം. ആരോഗ്യനില വഷളായിരുന്ന അദ്ദേഹത്തെ മൊഹാലിയിലെ ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മന്‍ദീപിന്റെ പിതാവിന്റെ മരണത്തില്‍ അനുശോചിച്ച് കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് പഞ്ചാബ് താരങ്ങള്‍ കഴിഞ്ഞ ദിവസം കളത്തിലിറങ്ങിയത്. ഹാദരാബാദിനെതിരായ വിജയം പഞ്ചാബ് സമര്‍പ്പിച്ചത് മന്‍ദീപിന്റെ പിതാവിനായിരുന്നു. മായങ്ക് അഗര്‍വാളിന് പരിക്കേറ്റതോടെയാണ് മന്‍ദീപ് പഞ്ചാബിന്റെ ഓപ്പണറായത്. മത്സരത്തില്‍ 14 പന്തുകള്‍ നേരിട്ട മന്‍ദീപ് 17 റണ്‍സുമായി മടങ്ങി.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ചുറി തികച്ച ശേഷം 'സുരീന്ദര്‍' എന്നെഴുതിയ കൊല്‍ക്കത്ത ജേഴ്‌സി ഉയര്‍ത്തിക്കാട്ടിയാണ് നിതീഷ് റാണ തന്റെ ഭാര്യാ പിതാവ് സുരീന്ദര്‍ മാര്‍വയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്. അര്‍ബുദ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ അന്ത്യവും വെള്ളിയാഴ്ചയായിരുന്നു. മത്സരത്തില്‍ 53 പന്തില്‍ 13 ഫോറും ഒരു സിക്‌സും സഹിതം 81 റണ്‍സെടുത്ത റാണ കൊല്‍ക്കത്തയ്ക്കായി തിളങ്ങുകയും ചെയ്തു.

ഏറ്റവും പ്രധാനപ്പെട്ട ഒരു ടൂര്‍ണമെന്റിനിടെ സ്വന്തം പിതാവിനെ നഷ്ടമായ സച്ചിന്‍ തന്നെ ഇരുവരെയും ആശ്വസിപ്പിക്കാനെത്തിയത് ശ്രദ്ധേയമായി.

1999 ലോകകപ്പിനിടെയാണ് സച്ചിന് തന്റെ പിതാവ് രമേശ് തെണ്ടുല്‍ക്കറെ നഷ്ടമാകുന്നത്. പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. സിംബാബ്‌വെയ്‌ക്കെതിരായ മത്സരം അങ്ങനെ അദ്ദേഹത്തിന് നഷ്ടമായി. ടീമിന് തന്നെ ആവശ്യമാണെന്ന് തോന്നിയ ഘട്ടത്തില്‍ സച്ചിന്‍ തിരിച്ചെത്തി. ബ്രിസ്റ്റളില്‍ കെനിയക്കെതിരേ സെഞ്ചുറിയുമായി തിളങ്ങുകയും ചെയ്തു. ആ സെഞ്ചുറി അദ്ദേഹം പിതാവിന് സമര്‍പ്പിച്ചു.

Content Highlights: IPL 2020 Sachin Tendulkar lauds Mandeep Singh and Nitish Rana for playing despite personal losses