ഷാര്‍ജ: മുംബൈ ഇന്ത്യന്‍സിനെതിരായ ഐ.പി.എല്‍ മത്സരത്തിനിടെ ഫീല്‍ഡില്‍ തിളങ്ങി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങള്‍. സ്പിന്നര്‍ റാഷിദ് ഖാനും മനീഷ് പാണ്ഡെയുമാണ് തകര്‍പ്പന്‍ ക്യാച്ചുകളുമായി ആരാധകരെ ഞെട്ടിച്ചത്. 

മുംബൈ ഇന്ത്യന്‍സിന്റെ 14-ാം ഓവറിലായിരുന്നു കമന്റേറ്റര്‍മാരെയടക്കം ഞെട്ടിച്ച റാഷിദിന്റെ ക്യാച്ച്. 39 പന്തില്‍ നാലു വീതം സിക്‌സും ഫോറുമായി 67 റണ്‍സോടെ തകര്‍ത്തടിച്ച് മുന്നേറുകയായിരുന്ന ക്വിന്റണ്‍ ഡിക്കോക്കിനെയാണ് തകര്‍പ്പന്‍ ക്യാച്ചിലൂടെ റാഷിദ് മടക്കിയത്. 

റാഷിദ് എറിഞ്ഞ 13-ാം ഓവറിലെ ആദ്യ പന്ത് ഡിക്കോക്കിന്റെ ബാറ്റില്‍ തട്ടി ഉയര്‍ന്നുപൊങ്ങി. ഫീല്‍ഡര്‍മാര്‍ ഇല്ലാത്ത സ്ഥലത്തേക്കാണ് പന്ത് പോയത്. ഇതു കണ്ട റാഷിദ് മീറ്ററുകളോളം ഓടി ആ പന്ത് പിടിക്കുകയായിരുന്നു. കമന്റേറ്റര്‍മാര്‍ അടക്കം ആ ക്യാച്ച് കണ്ട് ഞെട്ടി.

പിന്നാലെ 15-ാം ഓവറിലായിരുന്നു ബൗണ്ടറി ലൈനില്‍ മനീഷ് പാണ്ഡെയുടെ തകര്‍പ്പന്‍ ക്യാച്ച്. സന്ദീപ് ശര്‍മയുടെ പന്തില്‍ അപകടകാരിയായ മുംബൈ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷനെയാണ് ലോങ് ഓണിലെ തകര്‍പ്പന്‍ ക്യാച്ചിലൂടെ പാണ്ഡെ മടക്കിയത്. ലോങ് ഓണിലേക്കു പോയ പന്ത് ഓടിയെത്തി ഒരു നെടുനീളന്‍ ഡൈവിലൂടെ പാണ്ഡെ കൈപ്പിടിയിലൊതുക്കുകയായിരുന്നു. 

Content Highlights: IPL 2020 Rashid Khan, Manish Pandey Hyderabad players with wonderful catches