അബുദാബി: ''ആരാണ് ധോനിക്ക് പ്രായമായെന്നു പറഞ്ഞത്.'' കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ മാസ്മരിക ക്യാച്ച് കണ്ട് കമന്റേറ്റര്‍മാര്‍ ഒന്നടങ്കം പറഞ്ഞ കാര്യമാണിത്.
മികച്ച തുടക്കം ലഭിച്ചിട്ടും അവസാന നിമിഷം 10 റണ്‍സിന് ചെന്നൈ മത്സരം കൈവിട്ടതോടെ നിരാശരായ ആരാധകര്‍ക്ക് പക്ഷേ ധോനിയുടെ ക്യാച്ച് ആവേശമായി മാറി. 'പ്രായം ചിലര്‍ക്ക് വെറും നമ്പര്‍ മാത്രമാണ്, മറ്റു ചിലര്‍ക്ക് ടീമിനു പുറത്തേക്കുള്ള വഴിയും' എന്ന് മുന്‍ താരം ഇര്‍ഫാന്‍ പത്താന്റെ ട്വീറ്റിന്റെ മറപിടിച്ച് ധോനിക്കെതിരേ സോഷ്യല്‍ മീഡിയയിലും മറ്റും വിമര്‍ശനമുയരുന്ന സമയത്താണ് ഈ ക്യാച്ചിന്റെ പിറവി.
കൊല്‍ക്കത്ത ഇന്നിങ്‌സിന്റെ അവസാന ഓവറില്‍ ഡ്വെയ്ന്‍ ബ്രാവോയുടെ പന്തില്‍ ശിവം മാവിയെയാണ് ധോനി അസാധ്യമെന്ന് കരുതിയ ഒരു ശ്രമത്തിലൂടെ പുറത്താക്കിയത്. അവസാന ഓവറിലെ അഞ്ചാം പന്ത്. ബ്രാവോയുടെ വൈഡ് ഫുള്ളര്‍ ലെങ്ത് പന്തില്‍ ബാറ്റ് വെച്ച മാവിയുടെ ബാറ്റില്‍ തട്ടിയ പന്ത് ധോനിയുടെ വലത് ഭാഗത്തേക്ക്. വലതു കൈയിലെ കീപ്പിങ് ഗ്ലൗ ഊരിനില്‍ക്കുകയായിരുന്ന ധോനി ക്യാച്ചിനായി ചാടി. കൈയില്‍ തട്ടി തെറിച്ച പന്ത് ധോനി വീണ്ടും ഒരു ഡൈവിലൂടെ കൈപ്പിടിയിലാക്കുകയായിരുന്നു.
ഈ ക്യാച്ചെടുത്തതോടെ ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ (104) സ്വന്തമാക്കുന്ന വിക്കറ്റ് കീപ്പറെന്ന നേട്ടവും ധോനി സ്വന്തമാക്കി. കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്കിനൊപ്പം നിലവില്‍ ഈ നേട്ടം പങ്കുവെയ്ക്കുകയാണ് ധോനി.
Content Highlights: IPL 2020 MS Dhoni dives to take spectacular catch