ദുബായ്: ഐ.പി.എല്ലില്‍ വ്യാഴാഴ്ച നടന്ന കിങ്സ് ഇലവന്‍ പഞ്ചാബ് - റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തില്‍ സെഞ്ചുറി നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെ ഇന്നിങ്‌സ് തിരുത്തിക്കുറിച്ചത് നിരവധി റെക്കോഡുകള്‍. 

മത്സരത്തില്‍ 62 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച രാഹുല്‍ 69 പന്തുകള്‍ നേരിട്ട് ഏഴു സിക്സും 14 ഫോറുമടക്കം 132 റണ്‍സോടെ പുറത്താകാതെ നിന്നു. ഐ.പി.എല്ലില്‍ ഈ സീസണിലെ ആദ്യ സെഞ്ചുറിയും തന്റെ രണ്ടാം ഐ.പി.എല്‍ സെഞ്ചുറിയുമാണ് രാഹുല്‍ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. 

ഐ.പി.എല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡും രാഹുല്‍ സ്വന്തമാക്കി. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ (നേരത്തെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) യുവതാരം റിഷഭ് പന്തിന്റെ പേരിലായിരുന്നു നേരത്തെ ഈ റെക്കോഡ്. 2018 സീസണില്‍ ഹൈദരാബാദിനെതിരേ പുറത്താകാതെ 128 റണ്‍സ് നേടിയതോടെയാണ് പന്ത് ഈ റെക്കോഡ് സ്ഥാപിച്ചത്. 132 റണ്‍സെടുത്തതോടെ രാഹുല്‍ പന്തിനെ പിന്നിലാക്കി.

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ വ്യക്തിഗത സ്‌കോറാണ് രാഹുല്‍ കുറിച്ചത്. ക്രിസ് ഗെയ്ല്‍ (175*), ബ്രെണ്ടന്‍ മക്കല്ലം (158*), എ ബി ഡിവില്ലിയേഴ്‌സ് (133*) എന്നിവരാണ് രാഹുലിന് മുന്നിലുള്ളത്.

മത്സരത്തിനിടെ വ്യക്തിഗത സ്‌കോര്‍ 83-ലും 89-ലും നില്‍ക്കെ രണ്ടു തവണ ക്യാപ്റ്റന്‍ കോലി ക്യാച്ച് നഷ്ടപ്പെടുത്തിയത് രാഹുലിന് നേട്ടമായി.

ഇതിനിടെ കെ.എല്‍ രാഹുല്‍ ഐ.പി.എല്ലില്‍ 2000 റണ്‍സ് തികയ്ക്കുകയും ചെയ്തു. ഐ.പി.എല്ലില്‍ വേഗത്തില്‍ 2000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യക്കാരനെന്ന നേട്ടവും രാഹുല്‍ സ്വന്തമാക്കി. 60 ഇന്നിങ്സുകളില്‍ നിന്നാണ് രാഹുലിന്റെ നേട്ടം. 63 ഇന്നിങ്സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ സച്ചിന്‍ തെണ്ടുല്‍ക്കറെയാണ് രാഹുല്‍ മറികടന്നത്. 

രാഹുലിന്റെ മികവില്‍ ബാംഗ്ലൂരിനെ 97 റണ്‍സിനാണ് പഞ്ചാബ് തകര്‍ത്തത്. പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ 17 ഓവറില്‍ 109 റണ്‍സിന് ഓള്‍ഔട്ടായി.

Content Highlights: IPL 2020 KL Rahul record breaking innings against Royal Challengers Bangalore