ദുബായ്: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിനിടെ ഹൈദരാബാദ് ആരാധകരെ നിരാശയിലാഴ്ത്തിയ സംഭവമായിരുന്നു ന്യൂസീലന്റ് താരം കെയ്ൻ വില്ല്യംസൺന്റെ റൺഔട്ട്. ഹൈദരാബാദ് താരം പ്രിയം ഗാർഗുമായുള്ള ആശയക്കുഴപ്പമായിരുന്നു വില്ല്യംസൺന്റെ റൺഔട്ടിലേക്ക് നയിച്ചത്.

ആദ്യമായി ഐ.പി.എൽ കളിക്കുന്ന പ്രിയം ഗാർഗിനേയും ഈ റൺഔട്ട് നിരാശപ്പെടുത്തി. മികച്ച ഫോമിൽ കളിക്കുന്ന വില്ല്യംസണെ റൺഔട്ടാക്കി എന്ന രീതിയിൽ ആരാധകർ പ്രിയം ഗാർഗിനെ വിമർശിക്കുകയും ചെയ്തു. പുറത്താകുമ്പോൾ 13 പന്തിൽ ഒമ്പത് റൺസായിരുന്നു കിവീസ് താരത്തിന്റെ സമ്പാദ്യം.

എന്നാൽ ഈ റൺഔട്ടിന്റെ ആനുകൂല്യം മുതലെടുക്കാൻ ചെന്നൈയ്ക്ക് കഴിഞ്ഞില്ല. അവസരത്തിനൊത്തുയർന്ന താരം 26 പന്തിൽ 51 റൺസ് അടിച്ച് ഐ.പി.എല്ലിലെ തന്റെ ആദ്യ അർധശതകം പൂർത്തിയാക്കി. ഹൈദരാബാദ് വിജയിച്ചതോടെ പ്രിയം കളിയിലെ താരമാവുകയും ചെയ്തു.

മത്സരശേഷം ആ റൺഔട്ടിനെ കുറിച്ച് പ്രിയം ഗാർഗ് പ്രതികരിക്കുകയും ചെയ്തു. റൺഔട്ടായപ്പോൾ വലിയ നിരാശ തോന്നിയെന്നും പക്ഷേ അതിനുശേഷം മികച്ച രീതിയിൽ ബാറ്റു ചെയ്യാൻ കഴിഞ്ഞെന്നും പ്രിയം ഗാർഗ് വ്യക്തമാക്കി. ഡഗ്ഔട്ടിലെത്തിയപ്പോൾ വില്ല്യംസൺ ആശ്വസിപ്പിച്ചെന്നും പ്രിയം ഗാർഗ് പറയുന്നു. 'അതു പ്രശ്നമാക്കേണ്ട, ആ റൺഔട്ട് മറന്നേക്കൂ. നിങ്ങൾ ഇന്ന് നന്നായി ബാറ്റുചെയ്തു.' ഇതായിരുന്നു വില്ല്യംസൺ പ്രിയം ഗാർഗിനോട് പറഞ്ഞത്.

ഹൈദരാബാദ് 11 ഓവറിൽ നാല് വിക്കറ്റിന് 69 റൺസ് എന്ന നിലയിലായപ്പോഴാണ് വില്ല്യംസൺ റൺഔട്ടായത്. പിന്നീട് അഞ്ചാം വിക്കറ്റിൽ അഭിഷേക് ശർമയുമായി ചേർന്ന് പ്രിയം 77 റൺസ് കൂട്ടുകെട്ടുണ്ടാക്കി.

Content Highlights: ipl 2020 Kane Williamson Priyam Garg SRH