ദുബായ്: ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരം ഏറെ ആവേശം നിറഞ്ഞതായിരുന്നു. തോല്‍വിയുടെ വക്കില്‍ നിന്ന് വിജയം പിടിച്ചെടുത്ത പഞ്ചാബിന്റെ പോരാട്ടവീര്യത്തെ പ്രശംസിക്കാതെ വയ്യ.

എന്നാല്‍ ഈ വിജയം പഞ്ചാബ് സമര്‍പ്പിച്ചത് ഹര്‍ദേവ് സിങ് എന്ന മുന്‍ അത്‌ലറ്റിക് കോച്ചിനായിരുന്നു. ആരാണ് ഈ ഹര്‍ദേവ് സിങ് എന്നല്ലേ? പഞ്ചാബ് താരം മന്‍ദീപ് സിങ്ങിന്റെ പിതാവ്. ഹൈദരാബാദിനെതിരായ മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. വീഡിയോ കോളിലൂടെ പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത് തൊട്ടുപിന്നാലെയാണ് മന്‍ദീപ് പഞ്ചാബിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയത്.

കരളിനുണ്ടായ അണുബാധയെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു മുന്‍ ജില്ലാ കായിക ഓഫീസര്‍ കൂടിയായിരുന്ന മന്‍ദീപിന്റെ പിതാവ് ഹര്‍ദേവ് സിങ്ങിന്റെ അന്ത്യം. ആരോഗ്യനില വഷളായിരുന്ന അദ്ദേഹത്തെ മൊഹാലിയിലെ ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

മന്‍ദീപിന്റെ പിതാവിന്റെ മരണത്തില്‍ അനുശോചിച്ച് കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് പഞ്ചാബ് താരങ്ങള്‍ കഴിഞ്ഞ ദിവസം കളത്തിലിറങ്ങിയത്. മായങ്ക് അഗര്‍വാളിന് പരിക്കേറ്റതോടെയാണ് മന്‍ദീപ് പഞ്ചാബിന്റെ ഓപ്പണറായത്. മത്സരത്തില്‍ 14 പന്തുകള്‍ നേരിട്ട മന്‍ദീപ് 17 റണ്‍സുമായി മടങ്ങി.

Content Highlights: IPL 2020 Hours after dad S death Mandeep Singh walked out to bat