മുംബൈ: രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു വി. സാംസണിന്റെ കടുത്ത ആരാധികയാണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. സഞ്ജു ടീമില്‍ ഉള്ളത് കാരണമാണ് താന്‍ രാജസ്ഥാന്‍ ടീമിനെ പിന്തുണയ്ക്കുന്നതെന്നും സ്മൃതി കൂട്ടിച്ചേര്‍ത്തു.
ഐ.പി.എല്‍ 13-ാം സീസണില്‍ രാജസ്ഥാന്റെ ആദ്യ രണ്ടു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ സഞ്ജുവിന്റെ ബാറ്റിങ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു. ഇന്ത്യ ടുഡെ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ബോറിയ മജുംദാറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സ്മൃതി മനസ് തുറന്നത്.
''യുവതാരങ്ങള്‍ (ഐ.പി.എല്ലില്‍) ബാറ്റു ചെയ്യുന്ന രീതി ഏറെ പ്രചോദനമാണ്. സഞ്ജു സാംസണിന്റെ ബാറ്റിങ് കണ്ടതോടെ ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ആരാധികയായി. രാജസ്ഥാന്‍ റോയല്‍സിനെ പിന്തുണയ്ക്കുന്നത് സഞ്ജു ഉള്ളതുകൊണ്ടാണ്. വേറെ ലെവലാണ് അദ്ദേഹത്തിന്റെ ബാറ്റിങ്.'' - സ്മൃതി പറഞ്ഞു.
ഇത്തവണ ഐ.പി.എല്ലില്‍ ആദ്യ രണ്ടു മത്സരങ്ങളിലും അര്‍ധ സെഞ്ചുറി നേടിയ സഞ്ജു രണ്ടിലും കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആദ്യ മത്സരത്തില്‍ ചെന്നൈക്കെതിരേ 32 പന്തില്‍ നിന്ന് 74 റണ്‍സടിച്ച സഞ്ജു പഞ്ചാബിനെതിരായ രണ്ടാം മത്സരത്തില്‍ 42 പന്തില്‍ നിന്ന് 85 റണ്‍സും അടിച്ചുകൂട്ടി. കൊല്‍ക്കത്തയിക്കെതിരായ മൂന്നാം മത്സരത്തില്‍ മാത്രമാണ് സഞ്ജുവിന് തിളങ്ങാനാകാതെ പോയത്. ആ മത്സരം രാജസ്ഥാന്‍ തോല്‍ക്കുകയും ചെയ്തു.
Content Highlights: IPL 2020 become a fan of Sanju Samson Smriti Mandhana on RR star