ഷാര്‍ജ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബാറ്റുകൊണ്ട് തിളങ്ങിയത് എ ബി ഡിവില്ലിയേഴ്‌സായിരുന്നു. വെറും 33 പന്തില്‍ ആറു സിക്‌സും അഞ്ചു ഫോറുമടക്കം 73 റണ്‍സെടുത്ത എബിഡിയുടെ ഇന്നിങ്‌സാണ് ബാംഗ്ലൂര്‍ വിജയത്തില്‍ നിര്‍ണായകമായത്. 

ഷാര്‍ജയിലെ പിച്ചില്‍ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ ബുദ്ധിമുട്ടിയിടത്താണ് തകര്‍പ്പനടികളുമായി ഡിവില്ലിയേഴ്‌സ് കളംനിറഞ്ഞത്. ബാംഗ്ലൂര്‍ 12.2 ഓവറില്‍ രണ്ടിന് 94 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് താരം ക്രീസിലേക്കെത്തുന്നത്. വെടിക്കെട്ട് ബാറ്റിങ്ങിന്റെ കെട്ടഴിച്ച ഡിവില്ലിയേഴ്‌സാണ് ബാംഗ്ലൂര്‍ സ്‌കോര്‍ 194-ല്‍ എത്തിച്ചത്. 

മത്സരത്തിനിടെ കമലേഷ് നാഗര്‍കോട്ടിയുടെ ഒരു പന്തില്‍ ഡിവില്ലിയേഴ്‌സ് നേടിയ സിക്‌സ് ഷാര്‍ജ സ്റ്റേഡിയവും കടന്നാണ് പോയത്. സ്‌റ്റേഡിയത്തിന് പുറത്തേക്ക് പോയ പന്ത് റോഡിലൂടെ ഓടിക്കൊണ്ടിരുന്ന ഒരു കാറില്‍ ചെന്നിടിച്ചു. ഡിവില്ലിയേഴ്‌സിന്റെ ഈ സിക്‌സര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

നാഗര്‍കോട്ടി എറിഞ്ഞ 16-ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ നാലാമത്തെ പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ തിരക്കേറിയ ഷാര്‍ജ റോഡില്‍ പതിക്കുകയായിരുന്നു. ഇതാണ് കാറില്‍ ചെന്നിടിച്ചത്.

Content Highlights: IPL 2020 AB de Villiers six out of Sharjah stadium hits a moving car