ദുബായ്: അടുത്തിടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം റാഷിദ് ഖാന്റെ ഭാര്യയുടെ പേര് ഗൂഗിലില്‍ തിരഞ്ഞവര്‍ ഒന്ന് ഞെട്ടി. കാരണം സെര്‍ച്ച് റിസല്‍ട്ടായി വന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയുടെ പേര്. പേര് മാത്രമല്ല ഒപ്പം ചിത്രവും. 

വെറും 22 വയസ് മാത്രം പ്രായമുള്ള റാഷിദ് ഇതുവരെ കല്ല്യാണം പോലും കഴിച്ചിട്ടില്ല. പിന്നെങ്ങനെയാണ് റാഷിദിന്റെ ഭാര്യയുടെ സ്ഥാനത്ത് അനുഷ്‌ക ശര്‍മ പ്രത്യക്ഷപ്പെടുന്നത്?

2017 ഡിസംബര്‍ 11-നായിരുന്നു വിരാട് കോലിയും അനുഷ്‌കയും തമ്മിലുള്ള വിവാഹം. അതേ ദിവസം തന്നെയാണ് റാഷിദും അനുഷ്‌കയും വിവാഹിതരായതെന്നാണ് ഗൂഗിള്‍ പറയുന്നത്. വിരാട് കോലിയും അനുഷ്‌കയുമാകട്ടെ തങ്ങളുടെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്.

Google search shows Afghan cricketer RashidKhan s wife is Anushka Sharma

ഗൂഗിളിന്റെ അല്‍ഗോരിതത്തിന് സംഭവിച്ച പിഴവാണ് ഇത്തരമൊരു സെര്‍ച്ച് റിസല്‍ട്ടിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018-ലാണ് ഗൂഗിളിന്റെ അല്‍ഗോരിതത്തിന് പണികിട്ടിയ ആ സംഭവം നടക്കുന്നത്. ആ വര്‍ഷം നടന്ന ഒരു അഭിമുഖത്തില്‍ അനുഷ്‌ക ശര്‍മയും പ്രീതി സിന്റയുമാണ് തന്റെ ഇഷ്ട ബോളിവുഡ് നടിമാരെന്ന് റാഷിദ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഗൂഗിളില്‍ റാഷിദിന്റെ പേര് ട്രെന്‍ഡിങ്ങാകുകയും ചെയ്തു. ഇതിനൊപ്പം അനുഷ്‌കയുടെ പേരും ട്രെന്‍ഡിങ്ങായി. ഇതോടെയാണ് റാഷിദിനെയും അനുഷ്‌കയേയും ഗൂഗിള്‍ പരസ്പരം ബന്ധിപ്പിച്ചത്. ഇക്കാരണത്താലാണ് റാഷിദിന്റെ ഭാര്യ ആരെന്ന് ഗൂഗിളില്‍ തിരയുമ്പോള്‍ അനുഷ്‌ക പ്രത്യക്ഷപ്പെടുന്നത്.

Content Highlights: Google search shows Afghan cricketer Rashid Khan s wife is Anushka Sharma