ദുബായ്: ഐ.പി.എല്ലിൽ വീണ്ടും മനോഹര ക്യാച്ചുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കൽ. മോയിൻ അലി എറിഞ്ഞ 12-ാം ഓവറിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെ പുറത്താക്കാനായിരുന്നു ദേവ്ദത്തിന്റെ കിടിലൻ ക്യാച്ച്.

12-ാം ഓവറിലെ മൂന്നാം പന്ത് ശ്രേയസ് ഡീപ് മിഡ് വിക്കറ്റിലൂടെ സിക്സർ ലക്ഷ്യമാക്കി പറത്തി. എന്നാൽ പന്ത് സാഹസികമായി കൈയിലാക്കിയ ദേവ്ദത്ത് നിയന്ത്രണം നഷ്ടപ്പെട്ട് ബൗണ്ടറി ലൈൻ കടന്നു. എന്നാൽ വീണ്ടും ഗ്രൗണ്ടിനുള്ളിലെത്തി മലയാളി താരം ക്യാച്ച് പൂർത്തിയാക്കുകയായിരുന്നു. ഇതോടെ 13 പന്തിൽ 11 റൺസുമായി ശ്രേയസ് ക്രീസ് വിട്ടു.

കഴിഞ്ഞ മത്സരത്തിലും ദേവ്ദത്തിന്റെ മികച്ച ക്യാച്ച് ആരാധകർ കണ്ടു. രാജസ്ഥാൻ റോയൽസിന്റെ ജോസ് ബട്ലറെ ദേവ്ദത്ത് സ്ലിപ്പിൽ പറന്നുപിടിക്കുകയായിരുന്നു. നവദീപ് സെയ്നി എറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്തിലായിരുന്നു ദേവ്ദത്തിന്റെ ഈ ക്യാത്ത്. ബട്ലർ മികച്ച ഫോമിൽ മുന്നേറുന്നതിനിടയിലാണ് ഈ ക്യാച്ച് വന്നത്.