ദുബായ്: മുംബൈക്കെതിരേ നടന്ന ഐ.പി.എല്‍ ആദ്യ ക്വാളിഫയറില്‍ 57 റണ്‍സിനായിരുന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ തോല്‍വി. 201 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 

മത്സരത്തിനിടെ ഐ.പി.എല്‍ ചരിത്രത്തിലെ നാണക്കേടിന്റെ ഒരു റെക്കോഡും ഡല്‍ഹിയുടെ പേരിലായി. അക്കൗണ്ട് തുറക്കും മുമ്പ് ആദ്യ എട്ടു പന്തുകള്‍ക്കുള്ളില്‍ തന്നെ മൂന്ന് ഡല്‍ഹി ബാറ്റ്‌സ്മാന്‍മാര്‍ കൂടാരം കയറിയിരുന്നു. പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍ എന്നിവരാണ് പൂജ്യരായി മടങ്ങിയത്. 

13 സീസണ്‍ നീണ്ട ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരു ടീമിന്റെ ഏറ്റവും മോശം തുടക്കമെന്ന നാണക്കേടാണ് ഡല്‍ഹിയുടെ പേരിലായത്.

2009-ല്‍ ഡെക്കാണ്‍ ചാര്‍ജേഴ്‌സിന്റെയും 2011-ല്‍ കൊച്ചി ടസ്‌കേഴ്‌സിന്റെയും പേരിലായിരുന്നു നേരത്തെ ഈ റെക്കോഡ്. 2009-ല്‍ ഡെക്കാണ്‍ ചാര്‍ജേഴ്‌സിന് ചെന്നൈക്കെതിരെയും 2011-ല്‍ കൊച്ചി ടസ്‌കേഴ്‌സിന് ഡെക്കാണ്‍ ചാര്‍ജേഴ്‌സിനെതിരെയും ആദ്യ മൂന്നു വിക്കറ്റുകള്‍ നഷ്ടമായത് വെറും ഒരു റണ്ണിനായിരുന്നു. 

2009-ന് ശേഷം ഒരു ടീമിന്റെ ആദ്യ മൂന്ന് ബാറ്റ്‌സ്മാന്‍മാരും ഡക്കാകുന്നതും ഇതാദ്യമായാണ്. 2009-ല്‍ ഡെക്കാണ്‍ ചാര്‍ജേഴ്‌സിന്റെ ആദ്യ മൂന്ന് ബാറ്റ്‌സ്മാന്‍മാരെയും പൂജ്യത്തിന് മടക്കിയത് ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു. അന്ന് ആദം ഗില്‍ക്രിസ്റ്റ്, ഹെര്‍ഷെല്‍ ഗിബ്‌സ്, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരെയാണ് സൂപ്പര്‍ കിങ്‌സ് മടക്കിയത്.

Content Highlights: Delhi Capitals slip to 0 for 3 record worst ever start in IPL history