ദുബായ്: ക്രിക്കറ്റിലെ വെടിക്കെട്ട് താരം ക്രിസ് ഗെയ്ലിന് എല്ലാം 'ചിൽ ആന്റ് കൂൾ' ആണ്. ഐ.പി.എല്ലിനിടെ അപ്രതീക്ഷിത ആശുപത്രി വാസത്തെ ഗെയ്ൽ നേരിട്ടതും ഇതേ 'മൂഡി'ലാണ്. കിങ്സ് ഇലവൻ പഞ്ചാബ് താരമായ ഗെയ്ലിനെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം ഗെയ്ൽ തന്നെയാണ് ആരാധകരെ അറിയിച്ചത്.

പോരാടാതെ വീഴില്ല എന്ന അടിക്കുറിപ്പോടു കൂടി ഗെയ്ൽ ആശുപത്രിയിൽ നിന്നുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഇരുകണ്ണുകളിലും കക്കിരി കഷ്ണങ്ങളും ചുണ്ടിൽ കാരറ്റുമായി കിടക്കയിൽ ചാരിയിരിക്കുന്ന ഗെയ്ലിന്റെ ഒരു കൈയിൽ ഗ്ലാസും മറുകൈയിൽ ഫോണുമുണ്ട്.

chris
ഗെയ്‌ലിന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ നിന്ന്

ഇതിന് പിന്നാലെ തന്നെ ചികിത്സിച്ച ഡോക്ടർക്കും നഴ്സിനുമെല്ലാം നന്ദിയും ആശംസയും അർപ്പിച്ചുള്ള വീഡിയോയും ഗെയ്ൽ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചു. ദുബായ് മെഡിയോർ ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗെയ്ലിനെ ചികിത്സിച്ചത്. മലയാളികളായ ഡോക്ടർ ഷഫീഖിനും നഴ്സ് വിജിമോൾ വിജയനും ഗെയ്ൽ വീഡിയോയിൽ പ്രത്യേകം നന്ദി അറിയിച്ചു. ഒപ്പം പരിചരിക്കാൻ എപ്പോഴും കൂടെയുണ്ടായിരുന്ന എം തൗസീഫിന് ഗെയ്ൽ പിറന്നാൾ ആശംസയും നേർന്നു.

സോഷ്യൽ മീഡിയയിൽ വൈറലായ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസ നേർന്നത്. ഏതാനും ദിവസത്തെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ട ഗെയ്ൽ പഞ്ചാബിനായി കളത്തിലറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Content Highights: Chris Gayle Food Poison Hospitalised