ദുബായ്: ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം നടന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ-ഡൽഹി ക്യാപിറ്റൽസ് മത്സരത്തിന് പിന്നാലെ വീണ്ടും മങ്കാദിങ് വിഷയത്തിൽ മുന്നറിയിപ്പുമായി ഇന്ത്യൻ സ്പിൻ ബൗളർ ആർ.അശ്വിൻ. ആർസിബി താരം ആരോൺ ഫിഞ്ചിനെതിരേ മങ്കാദിങ്ങിന് അവസരമുണ്ടായിട്ടും വെറുതേവിട്ട ശേഷം ട്വിറ്ററിലൂടെയായിരുന്നു അശ്വിന്റെ മുന്നറിയിപ്പ്.

'ഈ വർഷം മങ്കാദിങ് വിഷയത്തിൽ ഞാൻ നൽകുന്ന ആദ്യത്തേയും അവസാനത്തേയും മുന്നറിയിപ്പാണിത്. ഇതൊരു ഔദ്യോഗിക മുന്നറിയിപ്പായി കാണണം. പിന്നീട് എന്നെ കുറ്റപ്പെടുത്തരുത്.' അശ്വിൻ ട്വീറ്റിൽ പറയുന്നു. ട്വീറ്റിൽ ഡൽഹി പരിശീലകൻ റിക്കി പോണ്ടിങ്, ആരോൺ ഫിഞ്ച് എന്നിവരെ അശ്വിൻ മെൻഷൻ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന ആർസിബിക്കെതിരായ മത്സരത്തിൽ ആരോൺ ഫിഞ്ചിനെ മങ്കാദിങ്ങിലൂടെ പുറത്താക്കാൻ ഡൽഹി സ്പിന്നർ അശ്വിന് ഒരു സുവർണാവസരം ലഭിച്ചിരുന്നു. എന്നാൽ അശ്വിൻ അതിന് മുതിർന്നില്ല. ബൗളിങ് പൂർത്തിയാക്കാതെ, സ്റ്റമ്പ് ഇളക്കാതെ ഫിഞ്ച് നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ തിരിച്ചെത്തുന്നതിനായി കാത്തുനിന്നു. അബദ്ധം മനസ്സിലാക്കിയ ഫിഞ്ച് തിരിച്ച് ക്രീസിലെത്തി. ആർസിബി ഇന്നിങ്സിന്റെ മൂന്നാം ഓവറിലെ നാലാം പന്തിലായിരുന്നു ഈ സംഭവം. ആ സമയത്ത് ഫിഞ്ച് 11 പന്തിൽ 12 റൺസെടുത്ത് നിൽക്കുകയായിരുന്നു.

കഴിഞ്ഞ ഐ.പി.എൽ സീസണിൽ കിങ്സ് ഇലവൻ പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്ന ആർ.അശ്വിനുണ്ടാക്കിയ മങ്കാദിങ് വിവാദം ആരും മറന്നിട്ടുണ്ടാകില്ല. പന്ത് എറിയും മുമ്പ് നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിന്ന് റണ്ണിനായി ഓടിയ രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്ലറെ അശ്വിൻ മങ്കാദിങ്ങിലൂടെ പുറത്താക്കിയിരുന്നു. ഇതു പിന്നീട് വിവാദമാകുകയും മാന്യൻമാരുടെ കളിയായ ക്രിക്കറ്റിന് നിരക്കാത്തതാണ് അശ്വിൻ ചെയ്തതെന്ന് വിമർശനമുയരുകയും ചെയ്തു.

ഐ.പി.എൽ 13-ാം സീസൺ തുടങ്ങുന്നതിന് മുമ്പും അശ്വിന്റെ ഈ മങ്കാദിങ് ചർച്ചയായിരുന്നു. നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ ബാറ്റ്സ്മാൻ ബൗളിങ് പൂർത്തിയാകും മുമ്പ് ക്രീസ് വിട്ടാൽ ബൗളർക്ക് അനുകൂലമായി ഫ്രീ ബോൾ അനുവദിക്കണമെന്ന് അശ്വിൻ നിർദേശിച്ചതോടെയാണ് ഇതു വീണ്ടും ചർച്ചയായത്. എന്നാൽ അശ്വിന്റെ പുതിയ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകൻ റിക്കി പോണ്ടിങ്ങ് ഇതിനോട് വിയോജിപ്പ് പ്രകടപ്പിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. മങ്കാദിങ്ങിനോട് യോജിക്കുന്നില്ലെന്നും ഇക്കാര്യം അശ്വിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ടൂർണമെന്റ് തുടങ്ങുന്നതിന് മുമ്പ് പോണ്ടിങ് വ്യക്തമാക്കിയിരുന്നു.

 

Content Highlights: R Ashwin, Mankading alert, IPL 2020