ദുബായ്: ഐ.പി.എല്ലിൽ അർധസെഞ്ചുറിയുമായി അരങ്ങേറ്റം കുറിച്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മലയാളി യുവതാരം ദേവ്ദത്ത് പടിക്കലിന് അഭിനന്ദനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും കമന്റേറ്റർമാരായ ആകാശ് ചോപ്രയും ഹർഷ ഭോഗ്ലയും. ദേവ്ദത്ത് പടിക്കലിന്റെ ബാറ്റിങ് പ്രകടനം നന്നായി ആസ്വദിച്ചുവെന്നും ഇടങ്കയ്യൻമാരുടെ കളി കാണുന്നതു തന്നെ അഴകാണെന്നുമായിരുന്നു ഗാംഗുലിയുടെ ട്വീറ്റ്.

ഒരു താരം ഉദയം ചെയ്തിരിക്കുന്നു എന്നായിരുന്നു ആകാശ് ചോപ്രയുടെ ട്വീറ്റ്. 'യുവതാരത്തിന്റെ മനോഹരമായ അരങ്ങേറ്റം. എന്തുകൊണ്ടാണ് അദ്ദേഹത്തെ കുറിച്ച് ഇത്ര മാത്രം ചർച്ചകൾ നടന്നതെന്ന വ്യക്തം. വിസ്മയിപ്പിക്കുന്ന താരമാാണ് ദേവ്ദത്ത്. ഓൺ സൈഡ് പിക് അപ് ഷോട്ടും മിഡ് ഓഫിലൂടെയുള്ള ഡ്രൈവും ഇഷ്ടമായി.' ഹർഷ ഭോഗ്ലെയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ ഓപ്പണറായി ഇറങ്ങിയ ദേവ്ദത്ത് ബാംഗ്ലൂരിന് മികച്ച തുടക്കമാണ് നൽകിയത്. 42 പന്തിൽ എട്ടു ഫോറുകൾ സഹിതം 56 റൺസെടുത്ത ദേവ്ദത്ത് ബാംഗ്ലൂരിനായി അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരവുമായി. 102 റൺസ് അടിച്ച ക്രിസ് ഗെയ്ലാണ് ഈ റെക്കോഡിൽ മലയാളി താരത്തിന് മുന്നിലുള്ളത്. ഓപ്പണിങ് വിക്കറ്റിൽ ആരോൺ ഫിഞ്ചിനൊപ്പം 90 റൺസിന്റെ കൂട്ടുകെട്ടും പടുത്തുയർത്തിയാണ് ദേവ്ദത്ത് ക്രീസ് വിട്ടത്.

Content Highlights: Sourav Ganguly Congragulates Devdutt Padikkal RCB IPL 2020