ദുബായ്: ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ ഡൽഹി ക്യാപിറ്റൽസിന്റെ 'മെന്ററാ'യി വിശേഷിപ്പിച്ച വിവാദ പരാമർശത്തിൽ വിശദീകരണവുമായി ക്യാപ്റ്റൻ ശ്രേയസ് അയ്യർ. ഐ.പി.എൽ 13-ാം സീസണിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ ടോസിങ്ങിന് എത്തിയപ്പോഴായിരുന്നു ശ്രേയസ് വിവാദ പരാമർശം നടത്തിയത്. ടീമിന്റെ മാർഗദർശികളെക്കുറിച്ച് ചോദിച്ചപ്പോൾ ശ്രേയസ് ഗാംഗുലിയുടെ പേരും പരാമർശിക്കുകയായിരുന്നു.

ഇതോടെ ബി.സി.സി.ഐ പ്രസിഡന്റായ ഗാംഗുലി എങ്ങനെ ഐ.പി.എല്ലിലെ ഒരു ടീമിന്റെ മെന്ററാകുമെന്ന ചോദ്യമുയർന്നു. അങ്ങനെയെങ്കിൽ അതു ഭിന്നതാത്‌പര്യത്തിന്റെ പരിധിയിൽ വരുമെന്നായിരുന്നു വിവാദത്തിന് കാരണം. ഇതിന് പിന്നാലെ വിശദീകരണവുമായി ശ്രേയസ് അയ്യർ രംഗത്തെത്തുകയായിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ശ്രേയസിന്റെ പ്രതികരണം.

'ഒരു തുടക്കക്കാരൻ ക്യാപ്റ്റൻ എന്ന നിലയിൽ എന്റെ വളർച്ചയുടെ ഭാഗമായ റിക്കി പോണ്ടിങ്ങിനോടും ദാദയോടും ഞാൻ നന്ദിയുള്ളവനാണ്. അവർ രണ്ടുപേരും എന്റെ വ്യക്തപരമായ വളർച്ചയിലും ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനെന്ന നിലയിലുമുള്ള വളർച്ചയിൽ വഹിച്ച പങ്കിന് നന്ദി പറയാൻ വേണ്ടി മാത്രമാണ് ആ പ്രസ്താവന നടത്തിയത്'-ശ്രേയസ് ട്വീറ്റിൽ പറയുന്നു.

നേരത്തെ സൗരവ് ഗാംഗുലി ഡൽഹി ക്യാപിറ്റൽസിന്റെ മെന്ററായിരുന്നു. ശ്രേയസിന്റെ പരാമർശം വന്നതോടെ ഗാംഗുലി ആ പദവിയിൽ ഇപ്പോഴും തുടരുന്നുണ്ടോ എന്ന് പലരും സംശയം പ്രകടിപ്പിക്കുകയായിരുന്നു. 'ക്യാപ്റ്റനെന്ന നിലയിൽ നമുക്കുവേണ്ട ചില ഗുണങ്ങളുണ്ട്. വർഷങ്ങളായി അതെല്ലാം ഞാൻ ആര്‍ജിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. റിക്കി പോണ്ടിങ്ങിനേയും സൗരവ് ഗാംഗുലിയേയും പോലുള്ളവർ ഒപ്പമുള്ളപ്പോൾ നമ്മുടെ ജോലി വളരെ എളുപ്പമാകും.' ഇതായിരുന്നു അയ്യരുടെ വിവാദ പരാമർശം.

 

 

Content Highlights: Shreyas Iyer,  Delhi Capitals skippers remarks on Sourav Ganguly, IPL 2020