ദുബായ്: ഐ.പി.എൽ ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരേ ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയത്തിൽ നിർണായകമായത് അമ്പാട്ടി റായുഡുവിന്റെ ബാറ്റിങ്ങായിരുന്നു. 162 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് ഷെയ്ൻ വാട്സണേയും മുരളി വിജയിയേയും വേഗത്തിൽ നഷ്ടപ്പെട്ടിട്ടും ഫാഫ് ഡു പ്ലെസിസിനൊപ്പം ചേർന്ന് അമ്പാട്ടി റായുഡു ചെന്നൈയെ വിജയതീരത്തെത്തിക്കുകയായിരുന്നു. ഡു പ്ലെസിസുമായി 115 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ റായുഡു 48 പന്തിൽ 71 റൺസ് അടിച്ചെടുത്തു.

ഇതിന് പിന്നാലെ റായുഡുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹതാരം വാട്സൺ. 2019 ലോകകപ്പ് കളിച്ച ഇന്ത്യൻ ടീമിൽ നിന്ന് റായുഡുവിനെ തഴഞ്ഞത് മണ്ടത്തരമായെന്നും റായുഡു ഇല്ലാത്തത് ഇന്ത്യൻ ഏകദിന ടീമിന്റെ നഷ്ടമാണെന്നും വാട്സൺ പറയുന്നു. ടി ട്വന്റി സൂപ്പർ സ്റ്റാർ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു വാട്സൺ.

'മുംബൈയ്ക്കെതിരേ വളരെ മനോഹരമായാണ് റായുഡു ബാറ്റ് ചെയ്തത്. 2019 ലോകകപ്പ് ടീമിൽ റായുഡുവിനെ ഉൾപ്പെടുത്താത്തത് ഇന്ത്യൻ ടീമിന്റെ നഷ്ടമാണ്. ജസ്പ്രീത് ബുംറയെപ്പോലൊരു ബൗളരെ മനോഹരമായി നേരിടുക എന്നത് ചെറിയ കാര്യമല്ല. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് അടിച്ച് റായുഡു റൺസ് കണ്ടെത്തി.' വാട്സൺ വ്യക്തമാക്കുന്നു.

Content Highlights: Shane Watson, Ambati Rayudu, 2019 World Cup