തിരുവനന്തപുരം: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ പ്രകടനത്തിലൂടെ രാജസ്ഥാൻ റോയൽസിന്റെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുൻതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് സഞ്ജുവിനെ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിച്ചത്. സഞ്ജു വെറുമൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്രമല്ലെന്നും ഇന്ത്യയിലെ ഏറ്റവും പ്രതിഭയുള്ള യുവ ക്രിക്കറ്റ് താരമാണെന്നുമായിരുന്നു മുൻതാരം ഗൗതം ഗംഭീർ ട്വീറ്റ് ചെയ്തത്.

ഗംഭീറിന്റെ ഈ അഭിപ്രായത്തിന് പിന്തുണ നൽകി ശശി തരൂർ എം.പിയും രംഗത്തെത്തി. ഇക്കാര്യത്തിൽ ഗംഭീറുമായി തർക്കിക്കാനില്ലെന്നും ചെറിയ കുട്ടിയായിരുന്നപ്പോൾ മുതൽ സഞ്ജുവിനെ അറിയാമെന്നും തരൂർ ട്വീറ്റ് ചെയ്തു. 'ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത എം.എസ് ധോനിയാകാൻ കഴിവുള്ള താരമാണ് സഞ്ജുവെന്ന് ഞാൻ പതിനാലാം വയസ്സിൽ തന്നെ പറഞ്ഞിട്ടുണ്ട്. സഞ്ജുവിന് അതിനുള്ള കഴിവുണ്ട്. സ്വയം വിശ്വാസം വളർത്തിയെടുക്കുകയാണ് വേണ്ടത്. എല്ലാത്തിനും വേണ്ടത് ഒരു ബ്രേക്കായിരുന്നു.' ശശി തരൂർ ട്വീറ്റിൽ പറയുന്നു.

ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ 19 പന്തിൽ അർധ സെഞ്ചുറി നേടിയ സഞ്ജു 32 പന്തിൽ 74 റൺസെടുത്താണ് പുറത്തായത്. ഒമ്പത് പടുകൂറ്റൻ സിക്സുകളും സഞ്ജുവിന്റെ ഇന്നിങ്സിൽ പിറന്നു. ഐ.പി.എൽ കരിയറിൽ സഞ്ജുവിന്റെ ഏറ്റവും വേഗമേറിയ അർധ സെഞ്ചുറി കൂടിയാണിത്. ഐ.പി.എല്ലിലെ ആറാമത്തെ വേഗമേറിയ അർധ സെഞ്ചുറിയും.

 

Content Highlights: Shahsi Tharoor Sanju Samson Cricket IPL 2020