ദുബായ്: ഡൽഹി ക്യാപിറ്റൽസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരം ആരാധകർക്ക് ത്രില്ലർ വിരുന്നൊരുക്കിയെങ്കിലും ഈ മത്സരത്തിന്റെ നിറംകെടുത്തി വിവാദം പുകയുകയാണ്. മത്സരത്തിനിടെ അമ്പയറിങ്ങിലുണ്ടായ പിഴവാണ് ചർച്ചാവിഷയമാകുന്നത്. ആവേശകരമായ നിമിഷങ്ങൾക്കൊടുവിൽ സമനിലയിൽ അവസാനിച്ച മത്സരത്തിൽ സൂപ്പർ ഓവറിനൊടുവിൽ ഡൽഹി വിജയിക്കുകയായിരുന്നു.

ഡബിളെടുക്കുന്നതിനിടിയൽ പഞ്ചാബ് താരം ക്രിസ് ജോർദാൻ ക്രീസിൽ തൊട്ടില്ലെന്ന് ആരോപിച്ച് ഒരൊറ്റ റൺ മാത്രമാണ് അമ്പയർ നിതിൻ മേനോൻ അനുവദിച്ചത്. 19-ാം ഓവറിലായിരുന്നു ഈ സംഭവം. എന്നാൽ യഥാർഥത്തിൽ ക്രിസ് ജോർദാൻ ക്രീസിൽ സ്പർശിച്ചിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. ഒരുപക്ഷേ ആ ഒരു റൺ അനുവദിച്ചിരുന്നെങ്കിൽ പഞ്ചാബ് മത്സരത്തിൽ വിജയിക്കാൻ സാധ്യത ഉണ്ടായിരുന്നു.

ഇതിന് പിന്നാലെ അമ്പയറുടെ ഈ തെറ്റായ തീരുമാനത്തിനെതിരേ ഇന്ത്യയുടെ മുൻതാരം വീരേന്ദർ സെവാഗും പഞ്ചാബ് ടീം സഹഉടമ പ്രീതി സിന്റയും രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു സെവാഗിന്റെ പ്രതികരണം. 'മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരത്തിനുള്ള താരത്തെ തിരഞ്ഞെടുത്തതിനോട് എനിക്ക് വിയോജിപ്പുണ്ട്. ക്രീസിൽ തൊട്ടില്ലെന്ന കാരണത്താൽ പഞ്ചാബിന്റെ ഒരു റൺ കുറച്ച ആ അമ്പയർക്കാണ് യഥാർഥത്തിൽ പുരസ്കാരം നൽകേണ്ടത്. ആ പിഴവാണ് മത്സരഫലം നിർണയിച്ചത്.' സെവാഗ് ട്വീറ്റിൽ പറയുന്നു.

ഉപയോഗിക്കുന്നില്ലെങ്കിൽ പിന്നെ സാങ്കേതിക വിദ്യ എന്തിനാണെന്നും ബി.സി.സി.ഐ പുതിയ നിമയങ്ങൾ കൊണ്ടുവരണമെന്നും എല്ലാ വർഷവും ഇങ്ങനെ സംഭവിക്കാൻ പാടില്ലെന്നും പ്രീതി സിന്റ ട്വീറ്റ് ചെയ്തു. അഞ്ചു കോവിഡ് ടെസ്റ്റും ആറു ദിവസത്തെ ക്വാറന്റീനും കഴിഞ്ഞാണ് ടീമിനൊപ്പം ചേർന്നത്. പക്ഷേ അതൊന്നും തന്നെ ബാധിച്ചില്ലെന്നും അമ്പയർ അനുവദിക്കാതിരുന്ന ആ ഒരൊറ്റ റൺ മാത്രമാണ് തന്നെ വേദനിപ്പിച്ചതെന്നും പ്രീതി സിന്റ ട്വീറ്റിൽ പറയുന്നു.

മത്സരത്തിന്റെ ഏറ്റവും നിർണായകമായ നിമിഷത്തിലാണ് ഐ.സി.സിയുടെ എലീറ്റ് പാനലിൽ അമ്പയറായ നിതിൻ മേനോന് പിഴവ് സംഭവിച്ചത്. കാഗീസോ റബാദ 19-ാം ഓവർ എറിയാനെത്തുമ്പോൾ പഞ്ചാബിന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 25 റൺസ്. മികച്ച ഫോമിലുള്ള മായങ്ക് അഗർവാളും ക്രിസ് ജോർദാനുമായിരുന്നു ക്രീസിൽ. ആദ്യ പന്തിൽ മായങ്കിന് റണ്ണെടുക്കാനായില്ല. രണ്ടാം പന്ത് ബൗണ്ടറി കട്ന്നു.

മൂന്നാം പന്തിലായിരുന്നു നാടകീയ സംഭവം. ഔട്ട്സൈഡ് ഓഫിൽ ഫുൾടോസായി മാറിയ പന്ത് അഗർവാൾ എക്സ്ട്രാ കവറിലേക്ക് അടിച്ചു. രണ്ടു റൺസ് ഓടിയെടുക്കുകയും ചെയ്തു. എന്നാൽ സ്ക്വയർ ലെഗ് അമ്പയറായ നിതിൻ മേനോൻ ഇതിൽ ഒരു റണ്ണേ അനുവദിച്ചുള്ളു. ഓട്ടത്തിനിടെ ക്രിസ് ജോർദാൻ ക്രീസിൽ സ്പർശിച്ചില്ലെന്നായിരുന്നു കാരണം. ഈ മത്സരം പിന്നീട് സമിനിലയിലായി. ഒടുവിൽ സൂപ്പർ ഓവറിൽ ഡൽഹി വിജയിക്കുകയും ചെയ്തു. എന്നാൽ ടിവി റീപ്ലേകളിൽ ജോർദാൻ ക്രീസിൽ സ്പർശിച്ചിട്ടുണ്ടെന്ന് തെളിഞ്ഞതോടെ അമ്പയർക്കെതിരേ ആരാധകരോഷം അണപൊട്ടുകയായിരുന്നു.

Content Highlights: Preity Zinta, Virender Sehwag, Umpires Controversial Short Run Call, IPL 2020