ചെന്നൈ: 2008-ലെ ഐ.പി.എല്ലിന്റെ ഉദ്ഘാടന പതിപ്പിൽ ചെന്നൈ സൂപ്പർ കിങ്സ് ആദ്യം ക്യാപ്റ്റനാക്കാൻ ആഗ്രഹിച്ചിരുന്നത് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗിനെയായിരുന്നുവെന്ന് മുൻ സി.എസ്.കെ താരം സുബ്രമണ്യൻ ബദ്രിനാഥ്.

എന്നാൽ സെവാഗ് ഡൽഹി ടീമിന്റെ ഐക്കൺ താരമാകാൻ തീരുമാനിച്ചതോടെയാണ് സൂപ്പർ കിങ്സ് ധോനിക്കായി ശ്രമം നടത്തിയതെന്നും ബദ്രിനാഥ് വെളിപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നായകനാണ് എം.എസ് ധോനി. താരത്തിനു കീഴിൽ കളിച്ച എല്ലാ സീസണുകളിലും സൂപ്പർ കിങ്സ് പ്ലേഓഫിൽ ഇടംനേടിയിരുന്നു. അഞ്ചു തവണ ഫൈനൽ കളിച്ച ചെന്നൈ ടീം മൂന്നു തവണ ജേതാക്കളുമായി. ഇതെല്ലാം തന്നെ ധോനിയുടെ ക്യാപ്റ്റൻസി മികവിന്റെ തെളിവാണ്.

2008-ൽ ആറു കോടി രൂപയ്ക്കാണ് ധോനിയെ ചെന്നൈ തങ്ങളുടെ പാളയത്തിലെത്തിച്ചത്. പിന്നീട് പകരക്കാരനില്ലാത്ത ക്യാപ്റ്റനായി ധോനി മാറി.

Content Highlights:not MS Dhoni Virender Sehwag was Chennai Super Kings first choice captain