ഷാർജ: ഒരൊറ്റ രാത്രികൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനം കവർന്ന താരമാണ് രാഹുൽ തെവാതിയ. 224 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിനെ ഒരൊറ്റ ഓവറിൽ അഞ്ച് സിക്സറുകൾ പായിച്ചാണ് തെവാതിയ വിജയതീരത്തെത്തിച്ചത്. കിങ്സ് ഇലവൻ പഞ്ചാബ് ബൗളൻ ഷെൽഡൺ കോട്രെൽ എറിഞ്ഞ 18-ാം ഓവറിലായിരുന്നു തെവാതിയയുടെ ഈ പ്രകടനം.
ഇന്നിങ്സിന്റെ തുടക്കത്തിൽ 21 പന്തിൽ നിന്ന് വെറും 14 റൺസ് മാത്രമെടുത്ത തെവാതിയയുടെ സ്കോർ കളി അവസാനിക്കുമ്പോൾ 31 പന്തിൽ 53 റൺസായിരുന്നു. നേരിട്ട അവാന 10 പന്തിൽ നേടിയത് 39 റൺസ്!. ഈ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ തെവാതിയക്ക് അഭിനന്ദനവുമായി ക്രിക്കറ്റ് താരങ്ങളും ആരാധകരും രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ നിറയെ തെവാതിയയുടെ മാസ്മരിക പ്രകടനത്തിനുള്ള അഭിനന്ദന പ്രവാഹമാണ്. ഇന്ത്യയുടെ വെടിക്കെട്ട് താരം യുവരാജ് സിങ്ങും തെവാതിയയ്ക്ക് അഭിനന്ദനവുമായെത്തി.
ഈ അഭിനന്ദനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഒരോവറിൽ ആറു സിക്സ് അടിച്ച താരമാണ് യുവരാജ് സിങ്ങ്. തെവാതിയ അടിച്ചത് അഞ്ചു സിക്സും. ഒരു പന്ത് മിസ് ചെയ്തതിന് നന്ദിയുണ്ട് തെവാതിയ എന്നായിരുന്നു യുവിയുടെ ട്വീറ്റ്. ഒപ്പം മികച്ച പ്രകടനം പുറത്തെടുത്ത മായങ്ക് അഗർവാളിനേയും സഞ്ജു സാംസണേയും യുവി അഭിനന്ദിച്ചു. 2007-ൽ ട്വന്റി-20 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിനെതിരേ ആയിരുന്നു യുവരാജിന്റെ റെക്കോഡ് പ്രകടനം. തെവാതിയ ഒരു പന്ത് മിസ് ചെയ്തതോടെ ആറു പന്തിൽ ആറു സിക്സ് അടിച്ച ഇന്ത്യക്കാരനെന്ന റെക്കോഡ് യുവിയുടെ പേരിൽ തന്നെ തുടരുകയാണ്.
Content Highlights: Rahul Tewatia IPL T20 Yuvraj Singh Cricket