ഷാര്‍ജ: വനിതാ ട്വന്റി20 ചലഞ്ചില്‍ ചമരി അട്ടപ്പട്ടു അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ മത്സരത്തില്‍ സ്മൃതി മന്ദാനയുടെ ട്രെയില്‍ബ്ലെയ്‌സേഴ്‌സിനെ രണ്ടു റണ്‍സിന് തോല്‍പ്പിച്ച് ഹര്‍മന്‍പ്രീത് കൗറിന്റെ സൂപ്പര്‍നോവാസ് ഫൈനലില്‍ കടക്കുന്ന രണ്ടാമത്തെ ടീമായി. 

രണ്ടു തവണ കിരീടമണിഞ്ഞിട്ടുള്ള സൂപ്പര്‍നോവാസിന്റെ മൂന്നാം ഫൈനലാണിത്. തിങ്കളാഴ്ച നടക്കുന്ന ഫൈനലില്‍ ട്രെയില്‍ബ്ലെയ്‌സേഴ്‌സിനെ തന്നെയാണ് സൂപ്പര്‍നോവാസിന് നേരിടാനുള്ളത്. മൂന്നു ടീമുകളും രണ്ടു മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ മൂവര്‍ക്കും രണ്ടു പോയന്റ് വീതമായിരുന്നു. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ മിതാലി രാജിന്റെ വെലോസിറ്റി പുറത്താകുകയായിരുന്നു. 

അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തിലായിരുന്നു സൂപ്പര്‍നോവാസിന്റെ ജയം. 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍നോവാസ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തു. 48 പന്തില്‍ നിന്ന് നാലു സിക്‌സും അഞ്ചു ഫോറുമടക്കം 67 റണ്‍സെടുത്ത ചമരി അട്ടപ്പട്ടുവിന്റെ അര്‍ധ സെഞ്ചുറിയാണ് സൂപ്പര്‍നോവാസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പ്രിയ പുനിയ (30), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (31) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ട്രെയില്‍ബ്ലെയ്‌സേഴ്‌സിനായി 40 പന്തില്‍ 43 റണ്‍സെടുത്ത ദീപ്തി ശര്‍മ അവസാനം വരെ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ട്രെയില്‍ബ്ലെയ്‌സേഴ്‌സിന്റെ പോരാട്ടം 20 ഓവറില്‍ അഞ്ചിന് 144 റണ്‍സില്‍ അവസാനിച്ചു. ദിയാന്ദ്ര ഡോട്ടിന്‍ (27), ക്യാപ്റ്റന്‍ സ്മൃതി മന്ദാന (33), ഹര്‍ലീന്‍ ഡിയോള്‍ (27) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. രാധ യാദവ് എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്തില്‍ ഹര്‍ലീന്‍ പുറത്തായതാണ് ട്രെയില്‍ബ്ലെയ്‌സേഴ്‌സിന് തിരിച്ചടിയായത്.

Content Highlights: Women s T20 Challenge Supernovas in final with 2 run win over Trailblazers