ന്യൂഡൽഹി: ബുധനാഴ്ച്ച അബൂദാബിയിൽ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോറ്റതിന് പിന്നാലെ കടുത്ത വിമർശനവുമായി മുൻതാരം വീരേന്ദർ സെവാഗ്. ചെന്നൈയിലെ ചില താരങ്ങളുടെ അലസ സമീപനത്തിനെതിരേയാണ് സെവാഗ് തുറന്നടിച്ചത്. ചെന്നൈ ടീമിലെ താരങ്ങൾ ഫ്രാഞ്ചൈസിയെ സർക്കാർ ജോലി പോലെയാണ് കാണുന്നതെന്നും കളിച്ചില്ലെങ്കിലും ശമ്പളം കിട്ടുമെന്ന് അവർക്ക് അറിയാമെന്നും സെവാഗ് ചൂണ്ടിക്കാട്ടുന്നു.

കുറച്ചു ദിവസങ്ങൾക്ക് മുമ്പും ചെന്നൈ ടീമിനെ വിമർശിച്ച് സെവാഗ് രംഗത്തെത്തിയിരുന്നു. ചെന്നൈ ബാറ്റ്സ്മാൻമാർ ബാറ്റിങ്ങിനിറങ്ങും മുമ്പ് ഗ്ലൂക്കോസ് കുടിക്കണമെന്നായിരുന്നു അന്ന് സെവാഗിന്റെ പരിഹാസം.

കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ 168 റൺസ് വിജയലക്ഷ്യം നേടിയെടുക്കാവുന്ന സ്കോർ ആയിരുന്നിട്ടും ചെന്നൈ 10 റൺസിന്റെ തോൽവി വഴങ്ങുകയായിരുന്നു. ചെന്നൈ നിരയിൽ ഡ്വെയ്ൻ ബ്രാവോ, ശർദ്ദുൽ ഠാക്കൂർ, രവീന്ദ്ര ജഡേജ എന്നിവർ ബാറ്റ് ചെയ്യാനുള്ളപ്പോൾ ഫോമിൽ അല്ലാത്ത കേദർ ജാദവിനെ ബാറ്റിങ്ങിന് വിട്ടത് വിമർശനങ്ങൾക്ക് ഇടയാക്കി. കേദർ ജാദവിന്റെ ഡോട്ട് ബോളുകൾ ചെന്നൈയുടെ പരാജയത്തിൽ നിർണായകമായി.

ഐ.പി.എല്ലിൽ എട്ട് ഫൈനലുകൾ കളിച്ചിട്ടുള്ള ചെന്നൈ 2020 സീസണിൽ ഇതുവരെ മോശം പ്രകടനമാണ് പുറത്തെടുത്തത്. ആറു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ധോനിയുടെ ടീം വിജയിച്ചത്.

Content Highlights: Virender Sehwag on CSK performance IPL 2020 Cricket