ദുബായ്: ഐ.പി.എല്ലിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട ചെന്നൈ സൂപ്പർ കിങ്സിനെ പരിഹസിച്ച് ഇന്ത്യയുടെ മുൻതാരം വീരേന്ദർ സെവാഗ്. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 200-ന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടരാതെ പരാജയപ്പെട്ട ചെന്നൈ, ഡൽഹി ക്യാപിറ്റൽസിനെതിരേയും തളർന്നുപോയി.

176 റൺസ് പിന്തുടർന്ന ചെന്നൈ ബാറ്റ്സ്മാൻമാർ ഒന്നു പൊരുതാൻ പോലുമാകാതെ കീഴടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് സെവാഗിന്റെ പരിഹാസം. അടുത്ത മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പ് ചെന്നൈ ബാറ്റ്സ്മാൻമാർക്ക് ഗ്ലൂക്കോസ് നൽകണമെന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്.

35 പന്തിൽ 43 റൺസ് അടിച്ച ഫാഫ് ഡുപ്ലെസിസിന് ഒഴികെ മറ്റാർക്കും ചെന്നൈ നിരയിൽ തിളങ്ങാനായിരുന്നില്ല. മുരളി വിജയ് 10 റൺസിന് പുറത്തായപ്പോൾ 14 റൺസായിരുന്നു ഷെയ്ൻ വാട്സൺന്റെ സമ്പാദ്യം. ആറാമനായി ബാറ്റിങ്ങിനിറങ്ങിയ ധോനി 12 പന്തിൽ 15 റൺസെടുത്ത് ക്രീസ് വിട്ടു.

നേരത്തെ രാജസ്ഥാനെതിരായ മത്സരത്തിന് ശേഷവും ധോനിയുടെ ക്യാപ്റ്റൻസിയെ വിമർശിച്ച് സെവാഗ് രംഗത്തെത്തിയിരുന്നു. ധോനിയുടെ ബാറ്റിങ് പൊസിഷൻ ശരിയായില്ലെന്നും റൺസ് വഴങ്ങിയിട്ടും ചൗളയ്ക്കും ജഡേജയ്ക്കും ധോനി ഓവർ നൽകിക്കൊണ്ടിരുന്നെന്നും സെവാഗ് വിമർശിച്ചിരുന്നു. സഞ്ജു സാംസണ് എതിരെ ചെന്നൈ സ്പിന്നർമാർ എറിഞ്ഞ നാല് ഓവറുകളാണ് കളി രാജസ്ഥാന് ലഭിക്കാൻ കാരണമായതെന്നും സെവാഗ് ചൂണ്ടിക്കാട്ടിയിരുന്നു.

 

Content Highlights: Virender Sehwag, CSK, IPL 2020