ഷാര്‍ജ: ഐ.പി.എല്‍ വനിതാ ട്വന്റി 20 ചലഞ്ച് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ സൂപ്പര്‍നോവാസിനെ അഞ്ചുവിക്കറ്റിന് വെലോസിറ്റി പരാജയപ്പെടുത്തി. പുറത്താവാതെ 37 റണ്‍സെടുത്ത സ്യൂണ്‍ ലൂസിന്റെയും 34 റണ്‍സ് നേടിയ സുഷ്മ വര്‍മയുടെയും ബാറ്റിങ് മികവിലാണ് വെലോസിറ്റി വിജയം സ്വന്തമാക്കിയത്. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍നോവാസ് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്. വെലോസിറ്റി അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ ഒരുബോള്‍ ശേഷിക്കെ വിജയത്തിലെത്തി. 

ഈ വിജയത്തോടെ മിതാലി രാജ് നയിച്ച വെലോസിറ്റി പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. സൂപ്പര്‍നോവാസിന് വേണ്ടി 44 റണ്‍സെടുത്ത ജയങ്കനിയാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ 31 റണ്‍സെടുത്ത് ജയങ്കനിയ്ക്ക് മികച്ച പിന്തുണ നല്‍കി. വെലോസിറ്റിയ്ക്ക് വേണ്ടി ബിഷ്ട് മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ കാസ്‌പെറെക്, ജഹനര ആലം എന്നിവര്‍ രണ്ടുവിക്കറ്റുകള്‍ വീതം നേടി. 

മറുപടി ബാറ്റിങ്ങില്‍ തകര്‍ച്ച നേരിട്ടെങ്കിലും ലൂസും വര്‍മയും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ യുവതാരം ഷഫാലി വര്‍മ മികച്ച തുടക്കമാണ് വെലോസിറ്റിയ്ക്ക് വേണ്ടി നല്‍കിയത്. പിന്നീട് തുടര്‍ച്ചായി വിക്കറ്റുകള്‍ വീണെങ്കിലും ലൂസും വര്‍മയും ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിച്ചു. 

സൂപ്പര്‍നോവാസിന് വേണ്ടി ഖാക്ക രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ യാദവ്, പൂനം യാദവ്, സരിവര്‍ധനെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

Content Highlights: Velocity beats Supernovas by 5 wickets in thriller