ദുബായ്: സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ വിജയത്തിലെത്തിക്കാൻ ക്യാപ്റ്റൻ എം.എസ് ധോനി ഏറെ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അവസാന ഓവർ വരെ മത്സരം നീട്ടിയെങ്കിലും തോൽക്കാനായിരുന്നു ചെന്നൈയുടെ വിധി. അവസാന രണ്ട് ഓവറിൽ കനത്ത ചൂട് സഹിക്കാനാകാതെ ധോനി ക്ഷീണിച്ചു. കുനിഞ്ഞു നിന്ന് ശ്വാസമെടുക്കുകയും ചുമക്കുകയും ചെയ്തു

ഇതിന് പിന്നാലെ ധോനിയെ വിമർശിച്ചും അഭിനന്ദിച്ചും നിരവധി ആരാധകർ രംഗത്തെത്തി. പഴയ ഫിനിഷറുടെ മികവ് നഷ്ടപ്പെട്ടെന്നും ധോനിക്ക് പ്രായമേറി വരികയാണെന്നും വിമർശകർ പറയുന്നു. എന്നാൽ ധോനിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ആയിരുന്നു ശ്രീശാന്തിന്റെ അഭിനന്ദനം.

'ധോനി ഭായിക്ക് അഭിനന്ദനങ്ങൾ. കനത്ത ചൂടില്‍ 20 ഓവർ വിക്കറ്റ് കീപ്പറായി നിന്ന ശേഷം ബാറ്റിങ്ങിനിടെ തുടർച്ചയായി നിരവധി തവണ റണ്ണെടുക്കാനുള്ള ഓട്ടങ്ങൾ. ആ പരിശ്രമം കണ്ടപ്പോൾ വല്ലാത്ത ബഹുമാനം തോന്നുന്നു. ഏതു പ്രതിസന്ധി ഘട്ടത്തിലും തോറ്റുകൊടുക്കാതെ വീറോടെ പോരാടുന്നതിന് ഇതല്ലാതെ മറ്റെന്താണ് ഉദാഹരണമായി ചൂണ്ടിക്കാട്ടേണ്ടത്. ടീമിനുവേണ്ടിയുള്ള സമ്പൂർണ സമർപ്പണമാണിത്.' ട്വീറ്റിൽ ശ്രീശാന്ത് പറയുന്നു.

 

Content Highlights: Sreesanth on MS Dhoni, IPL 2020 Cricket