ഷാർജ: കിങ്സ് ഇലവൻ പഞ്ചാബും രാജസ്ഥാൻ റോയൽസും തമ്മിലുള്ള ഐ.പി.എൽ മത്സരത്തിനിടെ താരമായത് രാഹുൽ തെവാതിയയുടെ മാസ്മരിക ഇന്നിങ്സാണ്. എന്നാൽ ഇതിനൊപ്പം ആരാധകരെ അദ്ഭുതപ്പെടുത്തിയ മറ്റൊരു സംഭവം കൂടി മത്സരത്തിൽ അരങ്ങേറി. ബൗണ്ടറി ലൈനിന് അരികിൽ നിന്ന് പഞ്ചാബ് താരം നിക്കോളാസ് പൂരൻ നടത്തിയ സൂപ്പർമാൻ സേവ് ആണ് ആ സംഭവം. ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ തെണ്ടുൽക്കറേയും ഫീൽഡിങ്ങിലെ ഇതിഹാസമായ ജോണ്ടി റോഡ്സിനേയും വരെ അദ്ഭുതപ്പെടുത്തി പൂരന്റെ ആ പ്രകടനം.

മത്സരത്തിന്റെ എട്ടാം ഓവറിൽ ആർ.അശ്വിന്റെ പന്തിൽ സിക്സ് അടിക്കാനുള്ള സഞ്ജു സാംസന്റെ ശ്രമമാണ് കിടിലൻ ഡൈവിലൂടെ പൂരൻ വിഫമാക്കിയത്. ബൗണ്ടറി കടന്ന് സിക്സ് ആകേണ്ട പന്ത് അതിവിദഗ്ദ്ധമായി തട്ടി ഗ്രൗണ്ടിനകത്തേക്ക് ഇട്ടു. ബൗണ്ടറി ലൈനിലേക്ക് ചാടി വായുവിൽ നിന്നാണ് പൂരൻ പന്ത് തട്ടിയകറ്റിയത്. ഇതോടെ രാജസ്ഥാന് വിലപ്പെട്ട് നാല് റൺസ് നഷ്ടമായി.

ഈ പ്രകടനം കണ്ട് റോഡ്സും സച്ചിനും സെവാഗുമടക്കമുള്ള താരങ്ങൾ വിൻഡീസ് താരത്തിന് അഭിനന്ദനവുമായെത്തി. പഞ്ചാബിന്റെ ഫീൽഡിങ് കോച്ചായ ദക്ഷിണാഫ്രിക്കയുടെ മുൻതാരം റോഡ്സ് ഡഗ്ഔട്ടിൽ നിന്ന് എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് പൂരനെ അഭിനന്ദിച്ചത്. ട്വിറ്ററിലൂടെയായിരുന്നു സെവാഗിന്റേയും സച്ചിന്റേയും അഭിനന്ദനം.

'ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും മികച്ച സേവ്' എന്ന് സച്ചിൻ അഭിനന്ദിച്ചപ്പോൾ ഭൂഗുരുത്വാകർഷണത്തെ വെല്ലുവിളിച്ച് പൂരൻ എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫീൽഡിങ്ങുകളിൽ ഒന്ന് എന്നായിരുന്നു വിൻഡീസിന്റെ മുൻ പേസ് ബൗളർ ഇയാൻ ബിഷപ്പിന്റെ കമന്റ്. 'ബൗണ്ടറി ലൈൻ കടന്ന് രണ്ടു വാരയപ്പുറം വീഴാനൊരുങ്ങിയ പന്താണ് പിടിച്ചെടുത്ത് തിരിച്ചെറിഞ്ഞത്. ഫീൽഡിങ് നിലവാരത്തിലെ ഈ വളർച്ച നമുക്കായി കാത്തുവച്ചിരിക്കുന്നത് എന്താണ്!'-ഇതായിരുന്നു കമന്റേറ്റർ ഹർഷ ഭോഗ്ലയുടെ കമന്റ്.

 

 

Content Highlights:Sachin Tendulkar Virender Sehwag Nicholas Pooran IPL 2020