കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 90 റണ്‍സ് നേടാനായാല്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് അപൂര്‍വമായ റെക്കോഡ്. ഐ.പി.എല്ലില്‍ 5000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരം എന്ന റെക്കോഡാണ് രോഹിത്തിന്റെ മുന്നിലുള്ളത്. 

നിലവില്‍ 4910 റണ്‍സാണ് രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ക്യാപ്റ്റന്‍ വിരാട് കോലിയും ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌നയുമാണ് ഈ നേട്ടം കരസ്ഥമാക്കിയ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. നിലവില്‍ കോലിയ്ക്ക് 178 മത്സരങ്ങളില്‍ നിന്നും 37.68 ശരാശരിയില്‍ 5426 റണ്‍സുണ്ട്. റെയ്‌ന 193 മത്സരങ്ങളില്‍ നിന്നും 33.34 ശരാശരിയില്‍ 5368 റണ്‍സാണ് നേടിയത്. 

ഇതുകൂടാതെ മറ്റൊരു റെക്കോഡും ഇന്നത്തെ മത്സരത്തില്‍ രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. ഇന്നത്തെ മത്സരത്തില്‍ ആറുസിക്‌സുകള്‍ നേടിയാല്‍ ഐ.പി.എല്ലില്‍ 200 സിക്‌സുകള്‍ തികയ്ക്കുന്ന നാലാമത്തെ താരമാകും രോഹിത് ശര്‍മ. ക്രിസ് ഗെയ്ല്‍, എ.ബി.ഡിവില്ലിയേഴ്‌സ്, എം.എസ്.ധോനി എന്നിവരാണ് ഈ നേട്ടം മുന്‍പ് കരസ്ഥമാക്കിയവര്‍. 

Content Highlights: Rohit Sharma 90 runs away from joining Virat Kohli, Suresh Raina in prestigious list