ദുബായ്: ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം രാജസ്ഥാൻ റോയൽസ് താരം റോബിൻ ഉത്തപ്പ ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടില്ല. മത്സരത്തിനിടെ പന്തിൽ ഉമിനീർ പുരട്ടി ഐ.സി.സി ചട്ടം ലംഘിച്ചതിനെ തുടർന്ന് വിവാദത്തിലായ ഉത്തപ്പ മത്സരത്തിൽ നാണക്കേടിന്റെ റെക്കോഡും സ്വന്തമാക്കി. ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോൽക്കുന്ന താരമെന്ന നാണക്കേടാണ് ഉത്തപ്പയുടെ പേരിലായത്. ഒപ്പം കൊൽക്കത്ത താരം സുനിൽ നരെയ്ന്റെ ക്യാച്ചും മുപ്പത്തിനാലുകാരൻ കൈവിട്ടു.

കൊൽക്കത്തയുടെ ഇന്നിങ്സിന്റെ മൂന്നാം ഓവറിലാണ് രാജസ്ഥാൻ താരം പന്തിൽ ഉമിനീര് പുരട്ടിയത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തുപ്പൽ ഉപയോഗിക്കുന്നത് ഐ.സി.സി വിലക്കിയിരുന്നു. ഇത് മത്സരത്തിനിടെ താരം മറക്കുകയായിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ അമിത് മിശ്രയും പന്തിൽ തുപ്പൽ തേച്ച് വിവാദത്തിൽ അകപ്പെട്ടിരുന്നു.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലിയെ പിന്നിലാക്കിയാണ് ഉത്തപ്പ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോൽക്കുന്ന താരമായത്. കൊൽക്കത്തയോട് രാജസ്ഥാൻ 37 റൺസിന് തോൽവി വഴങ്ങിയതോടെ ഉത്തപ്പയ്ക്ക് ഐ.പി.എല്ലിൽ 91 തോൽവികളായി. കോലി 90 മത്സരങ്ങളിലാണ് തോൽവി അറിഞ്ഞത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ദിനേശ് കാർത്തിക്, മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. കാർത്തിക് 87ഉം രോഹിത് 85ഉം മത്സരങ്ങളിൽ പരാജയപ്പെട്ടു.

Content Highlights: Robin Uthappa IPL 2020 Cricket