ദുബായ്: 165 റൺസ് വിജയലക്ഷ്യവുമായി സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ കളിക്കാനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സിന്റെ പോരാട്ടം 157 റൺസിൽ അവസാനിച്ചിരുന്നു. രവീന്ദ്ര ജഡേജയുമായി ചേർന്ന് ചെന്നൈ ആരാധകർക്ക് ക്യാപ്റ്റൻ എം.എസ് ധോനി വിജയപ്രതീക്ഷ നൽകിയെങ്കിലും അവസാനനിമിഷം പരാജയപ്പെട്ടു. 36 പന്തിൽ 47 റൺസുമായി ധോനി പുറത്താകാതെ നിന്നു.

39 വയസ്സായിട്ടും ഫിറ്റ്നെസ് കാത്തുസൂക്ഷിക്കുന്ന ചുരുക്കും താരങ്ങളിൽ ഒരാളാണ് ധോനി. എന്നാൽ ദുബായിയിലെ കനത്ത ചൂടിൽ ചെന്നൈ ക്യാപ്റ്റൻ തളരുന്ന കാഴ്ച്ചയാണ് കണ്ടത്. അവസാന രണ്ട് ഓവറിൽ ധോനി ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയും ചുമക്കുകയും ചെയ്തു. ഈ തളർച്ചയ്ക്കുള്ള കാരണം എന്തായിരുന്നെന്ന് ധോനി മത്സരശേഷം വ്യക്തമാക്കി.

തൊണ്ട ആകെ വരണ്ടുപോയെന്നും അതുകൊണ്ടാണ് ചുമക്കാൻ തുടങ്ങിയതെന്നും ധോനി പറയുന്നു. 'പരമാവധി ശ്രമച്ചു. എന്നാൽ അവിടുത്തെ ചൂടി സഹിക്കാൻ കഴിയുമായിരുന്നില്ല. തൊണ്ട വരണ്ടുപോയി. അതോടെ ചുമയ്ക്കാൻ തുടങ്ങി' ധോനി വ്യക്തമാക്കുന്നു.

ഐ.പി.എല്ലിൽ തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ചെന്നൈ തോൽക്കുന്നത്. ഇതുവരെ കളിച്ചത് ആകെ നാല് മത്സരങ്ങളിലും.'ഇത്തരത്തിൽ തുടർച്ചയായ തോൽവികൾ സംഭവിക്കുന്നത് കുറേ വർഷങ്ങൾക്ക് ശേഷമാണ്. ഒരുപാട് കാര്യങ്ങൾ ശരിയാക്കാനുണ്ട്. ക്യാച്ചുകൾ കൈവിടാതെ നോക്കണം. നോ ബോൾ എറിയുന്നത് കുറയ്ക്കണം. അതെല്ലാം നിയന്ത്രിക്കാൻ പറ്റുന്നതാണ്.' ധോനി ചൂണ്ടിക്കാട്ടുന്നു.

Content Highlights: MS Dhoni, Chennai Super Kings, IPL 2020