ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ചെന്നൈ സൂപ്പർ കിങ്സ് തോറ്റതിന് പിന്നാലെ ക്യാപ്റ്റൻ എം.എസ് ധോനിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരങ്ങളായ അജയ് ജഡേജയും വീരേന്ദർ സെവാഗും രംഗത്ത്. ഇപ്പോൾ ക്രിക്കറ്റ് കണ്ടുതുടങ്ങുന്ന തലമുറ ഈ ധോനിയെ ആയിരിക്കും ഓർത്തിരിക്കുക എന്നത് വളരെ വിഷമിപ്പിക്കുന്നതാണെന്ന് ജഡേജ വ്യക്തമാക്കി. വെള്ളിയാഴ്ച്ച നടന്ന ചെന്നൈ സൂപ്പർ കിങ്സ്-ഡൽഹി ക്യാപിറ്റൽസ് മത്സരം ഒരു വെബ്സൈറ്റിനായി വിശകലനം ചെയ്യുന്നതിനിടയിലായിരുന്നു ജഡേജയുടെ പരാമർശം.

ഇപ്പോൾ ക്രിക്കറ്റ് കാണാൻ തുടങ്ങുന്ന തലമുറ നിലവിൽ ടെലിവിഷനിൽ കാണുന്ന ധോനിയെയാകും ഓർത്തിരിക്കുകയെന്നും മുതിർന്നവർ ആവേശത്തോടെ പറഞ്ഞുകൊടുക്കുന്ന ധോനിയിൽ നിന്ന് തികച്ചും വ്യത്യസ്തനായിരിക്കും അവർ ഇപ്പോൾ കാണുന്ന ഈ ധോനിയെന്നും അത് സങ്കടപ്പെടുത്തുന്ന കാര്യമാണെന്നും ജഡേജ പറയുന്നു. ബാറ്റിങ് ഓർഡറിൽ ധോനി സ്ഥിരമായി ഏറെ പിന്നിൽ കളിക്കുന്നതിനേയും ജഡേജ വിമർശിച്ചു. പിന്നിൽ നിന്ന് പോരാട്ടം നയിച്ച ആരും ഇതുവരെ ജയിച്ചിട്ടില്ലെന്നും ജഡേജ ചൂണ്ടിക്കാട്ടി.

ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈയുടെ ബാറ്റിങ് കണ്ടപ്പോൾ ടെസ്റ്റ് മത്സരമാണ് തനിക്ക് ഓർമ വന്നതെന്നും ചെന്നൈ ക്യാപ്റ്റൻ ബാറ്റിങ് ഓർഡറിൽ സ്വയം പ്രമോട്ട് ചെയ്ത് നാലാം നമ്പറിൽ കളിക്കാനിറങ്ങും മുമ്പ് ഇന്ത്യയിലൂടെ ബുള്ളറ്റ് ട്രെയിൻ ഓടുമെന്നും സെവാഗ് പരിഹസിച്ചു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ആയിരുന്നു സെവാഗിന്റെ പ്രതികരണം.

ചെന്നൈ സൂപ്പർ കിങ്സിന്റെ തുടക്കം തീരെ മോശമായിരുന്നില്ല. പക്ഷേ മത്സരത്തിലുടനീളം അവർ സെക്കന്റ് ഗിയറിലായിരുന്നു. ട്വന്റി-20 മത്സരമാണ് കളിക്കുന്നതെന്ന തോന്നൽ മുരളി വിജയിക്ക് ഒരു ഘട്ടത്തിലും ഉണ്ടായിരുന്നില്ല. പഴയ എഞ്ചിന്റെ അവസ്ഥയായിരുന്നു ഷെയ്ൻ വാട്സൺന്റേത്. ഓുവിൽ ഫാഫ് ഡുപ്ലെസിസ് വന്നപ്പോഴാണ് കളിച്ചുകൊണ്ടിരിക്കുന്നത് ടെസ്റ്റ് മത്സരമല്ല, ട്വന്റി-20 മത്സരമാണെന്ന് ചെന്നൈ താരങ്ങൾക്ക് മനസ്സിലായത്. എന്നിട്ടും ധോനി ബാറ്റിങ്ങിന് ഇറങ്ങിയില്ല. ധോനി നാലാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങുന്നതിന് മുമ്പേ ഇന്ത്യയിലൂടെ ബുള്ളറ്റ് ട്രെയിൻ ഓടുമെന്ന് തോന്നുന്നു-സെവാഗ് പരിഹസിച്ചു.

Content Highlights: MS Dhoni and Ajay Jadeja on MS Dhonu CSK IPL 2020