ലണ്ടന്‍: നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ട്വന്റി 20 ഫാസ്റ്റ് ബൗളര്‍ ഇന്ത്യയുടെ ജസ്പ്രീത് ബുറയാണെന്ന് മുന്‍ ഇംഗ്ലണ്ട് നായകനായ മൈക്കിള്‍ വോണ്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ബുറ പുറത്തെടുത്തതിന് പിന്നാലെയാണ് അഭിനന്ദനവുമായി വോണ്‍ എത്തിയത്.

ഡല്‍ഹിയ്‌ക്കെതിരെ നാലോവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. 'ലോകത്തിലെ ഏറ്റവും മികച്ച ട്വന്റി 20 ബൗളറാണ് ബുംറ. അത് നിസംശയം എനിക്ക് പറയാനാകും. അവസാന മൂന്നു മത്സരങ്ങളില്‍ വെറും 45 റണ്‍സ് മാത്രം വിട്ടുനല്‍കി 10 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഞാന്‍ ഈ പറഞ്ഞതിനോട് ആരും വിയോജിക്കുമെന്ന് എനിക്ക് തോന്നുന്നില്ല'-വോണ്‍ പറഞ്ഞു

നിലവില്‍ ഐ.പി.എല്ലില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ സ്വന്തമാക്കി പര്‍പ്പിള്‍ ക്യാപ്പ് നേടിയിരിക്കുകയാണ് ബുംറ. 14 മത്സരങ്ങളില്‍ നിന്നുമായി 27 വിക്കറ്റുകളാണ് താരം വീഴ്ത്തിയിരിക്കുന്നത്. ബുംറയുടെ ബൗളിങ് കരുത്തില്‍ മുംബൈ ഈ സീസണില്‍ ഫൈനലില്‍ ഇടം പിടിച്ചു.

Content Highlights: Michael Vaughan names Bumrah as the best t20 bowler in the world