ദുബായ്: യു.എ.ഇയിൽ പുരോഗമിക്കുന്ന ഐ.പി.എല്ലിനിടെ ചെന്നൈ സൂപ്പർ കിങ്സിന്റെ മലയാളി താരം കെ.എം ആസിഫ് ബയോ സെക്യുർ ബബിൾ സംവിധാനം ഭേദിച്ചെന്ന പ്രചാരണം തള്ളി ടീം മാനേജ്മെന്റ്. ചെന്നൈ സൂപ്പർ കിങ്സ് സി.ഇ.ഒ കാശി വിശ്വനാഥനാണ് ഈ ആരോപണം തള്ളി രംഗത്തെത്തിയത്. ചെന്നൈ ടീമിലെ ഏക മലയാളിയും മലപ്പുറം എടവണ്ണ സ്വദേശിയുമായ ആസിഫ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന ബയോ സെക്യുർ ബബിൾ ഭേദിച്ചതായി ദേശീയ മാധ്യമങ്ങളാണ റിപ്പോർട്ട് ചെയ്തത്.ഐപിഎല്ലിൽ ബയോ സെക്യുർ ബബിൾ ഭേദിക്കുന്ന ആദ്യ താരം ആസിഫാണെന്നും ദേശീയ മാധ്യമങ്ങൾ റിോർട്ട് ചെയ്തിരുന്നു.

ദുബായിൽ ചെന്നൈ ടീമിനൊപ്പം താമസിക്കുന്ന ആസിഫ് തന്റെ ഹോട്ടൽ റൂമിന്റെ താക്കോൽ കാണാതായതിനെ തുടർന്ന് റിസപ്ഷനിൽ പോയതാണ് ബയോ സെക്യുർ ബബിൾ ഭേദിക്കാൻ കാരണം. നിലവിൽ ഹോട്ടൽ റിസപ്ഷൻ ബയോ സെക്യുർ ബബിളിന് പുറത്താണ്. മന:പൂർവ്വം സംഭവിച്ചതല്ലെങ്കിലും താരത്തെ ആറു ദിവസം ക്വാറന്റീനിലേക്ക് മാറ്റിയെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ ഇതു നിഷേധിച്ച് കാശി വിശ്വനാഥൻ രംഗത്തെത്തുകയായിരുന്നു. വാർത്താ ഏജൻസിയായ എ.എൻ.ഐയോടാണ് ചെന്നൈ സി.ഇ.ഒ ഇക്കാര്യം വ്യക്തമാക്കിയത്.

ഹോട്ടൽ ലോബിയിൽ താരങ്ങൾക്ക് പ്രവേശിക്കാൻ അനുവാദമുള്ള പ്രത്യേക സ്ഥലമുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിരമായി പരിശോധനയക്ക് വിധേയരാകുന്ന ജീവനക്കാർ മാത്രമാണ് അവിടെയുള്ളതെന്നും കാശി വിശ്വനാഥൻ ചൂണ്ടിക്കാട്ടുന്നു. ആസിഫ് സ്പെയർ കീ എടുക്കാൻ ഈ ജീവനക്കാരുടെ അടുത്തേക്കാണ് പോയതെന്നും ചെന്നൈ സി.ഇ.ഒ വ്യക്തമാക്കുന്നു.

ടീമുകളോ താരങ്ങളോ ബയോ സെക്യുർ ബബിൾ ഭേദിച്ചാൽ കടുത്ത നടപടികളാണ് കാത്തിരിക്കുന്നത്. ശമ്പളമില്ലാതെ ആറു ദിവസം ക്വാറന്റീനിൽ കഴിയേണ്ടിവരും. ബയോ സെക്യുർ ബബിൾ ഭേദിക്കുന്നത് ആവർത്തിച്ചാൽ ഇതോടൊപ്പം ഒരു മത്സരത്തിൽ നിന്ന് വിലക്കും ലഭിക്കും. മൂന്നാം തവണയും ഇതു സംഭവിച്ചാൽ താരത്തെ ടീമിൽ നിന്ന് പുറത്താക്കും. പകരം താരത്തെ ടീമിലെത്തിക്കാൻ ടീമിന് അനുമതി ലഭിക്കുകയുമില്ല.

Content Highlights: KM Asif didnt break bubble  CSK CEO Kasi Viswanathan IPL 2020