ഷാര്‍ജ: ഐ.പി.എല്‍ വനിതാ ട്വന്റി 20 മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യ മത്സരത്തില്‍ സൂപ്പര്‍നോവാസ്  വെലോസിറ്റിയെ നേരിടും. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30 നാണ് മത്സരം ആരംഭിക്കുക.

ആകെ മൂന്നുടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക. ഹര്‍മന്‍പ്രീത് നയിക്കുന്ന  സൂപ്പര്‍നോവാസ്, സ്മൃതി മന്ദാന നയിക്കുന്ന ട്രെയല്‍ബ്ലെയ്‌സേഴ്‌സ്, മിതാലി രാജ് നയിക്കുന്ന വെലോസിറ്റി എന്നീ ടീമുകള്‍  പരസ്പരം ഏറ്റുമുട്ടും. കൂടുതല്‍ പോയന്റുകള്‍ നേടുന്ന ടീമുകള്‍ ഫൈനലിലെത്തും.

ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, ന്യൂസീലന്‍ഡ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള 12 കളിക്കാര്‍ വിവിധ ടീമുകളില്‍ ഇടം നേടിയിട്ടുണ്ട്.

ഇന്നുനടക്കുന്ന മത്സരത്തില്‍ ഹര്‍മന്‍പ്രീത് കൗറും മിതാലി രാജും നേര്‍ക്കുനേര്‍ വരും. ഹര്‍മന്‍ പ്രീതിനൊപ്പം ജെമീമ റോഡ്രിഗസ്, ചമരി അട്ടപ്പട്ടു, പ്രിയ പുനിയ, അനുജ പാട്ടീല്‍, ശശികല സിരിവര്‍ധനെ, പൂനം യാദവ്, ഷാകെര സെല്‍മാന്‍, അരുന്ധതി റെഡ്ഡി, പൂജ വസ്ത്രാകര്‍, ആയുഷി സോനി, അയബോംഗ ഖാക്ക, മുസ്‌കാന്‍ മാലിക്ക് എന്നിവര്‍ അണിനിരക്കുമ്പോള്‍ വെലോസിറ്റിയില്‍ വേദ കൃഷ്ണമൂര്‍ത്തി, ഷഫാലി വര്‍മ, സുഷ്മ വര്‍മ, എക്ത ബിഷ്ട്, മാന്‍സി ജോഷി, ശിഖ പാണ്ഡെ, ദേവിക വൈദ്യ, സുശ്രീ ദിബ്യദര്‍ശിനി, മനാലി ദക്ഷിണി, ലെയ്ഗ് കാസ്‌പെറക്, ഡാനിയെല്ലെ വ്യാട്ട്, സ്യൂണ്‍ ലൂസ്, ജഹനാര ആലം, അ്‌നഘ എന്നിവര്‍ കളിക്കും.

ആകെ നാല് മത്സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്. ഫൈനല്‍ നവംബര്‍ 9 ന് നടക്കും. 

Content Highlights: IPL Women's T20 challenge will start today at UAE