മുംബൈ: ഐപിഎൽ പതിനാലാം സീസണിൽ ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ യു.എ.ഇയിൽ നടത്താൻ സാധ്യത. മെയ് 29-ന് ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 31 മത്സരങ്ങളാണ്  ടൂർണമെന്റിൽ ഇനി ശേഷിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഐപിഎൽ തുടങ്ങാനാണ് ബിസിസിഐയുടെ പദ്ധതി. ഓഗസ്റ്റ് നാലിനാണ് ആദ്യ ടെസ്റ്റ് മത്സരം തുടങ്ങുന്നത്. മൂന്നാമത്തെ ടെസ്റ്റിനും നാലാമത്തെ ടെസ്റ്റിനും ഇടയിൽ ഒമ്പത് ദിവസത്തെ ഇടവേളയുണ്ട്. ഇതു നാല് ദിവസമായി കുറച്ചാൽ ബിസിസിഐയ്ക്ക് അഞ്ച് ദിവസം അധികം ലഭിക്കും. അഞ്ചു ടെസ്റ്റുകൾക്കായി നീക്കിവെച്ചിരിക്കുന്ന 41 ദിവസത്തെ വിൻഡോയിൽ മാറ്റം വരുത്തണം എന്ന ആവശ്യം ഔദ്യോഗികമായി ബിസിസിഐ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിട്ടില്ല.

നിലവിൽ ബിസിസിഐയുടെ മുമ്പിൽ 30 ദിവസങ്ങളുണ്ട്. ഇന്ത്യ, ഇംഗ്ലണ്ട് ടീമുകൾക്ക് യു.എ.ഇയിലേക്ക് എത്തേണ്ടതുണ്ട്. അഞ്ച് ദിവസം നോക്കൗട്ട് മത്സരങ്ങൾക്കായും മാറ്റിവെയ്ക്കണം. ഇതോടെ 24 ദിവസത്തിൽ ബിസിസിഐയ്ക്ക് 27 മത്സരങ്ങൾ നടത്താൻ കഴിയും. ശനിയും ഞായറും രണ്ട് മത്സരങ്ങൾ വീതം സംഘടിപ്പിക്കേണ്ടതായും വരും.

Content Highlights: IPL 2021 phase 2 window confirmed to be held in september and october