മുംബൈ: ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍ എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാളി താരം സഞ്ജു സാംസന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ബാറ്റിങ് ശരാശരിയുടെ കാര്യം തന്നെ ഉത്കണ്ഠപ്പെടുത്തുന്നതാണെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. 

ശുഭ്മാന്‍ ഗില്ലിന്റെയും മായങ്ക് അഗര്‍വാളിന്റെയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ബാറ്റിങ് ശരാശരിയും സഞ്ജുവിന്റെ ബാറ്റിങ് ശരാശരിയും താരതമ്യം ചെയ്ത് ട്വിറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മഞ്ജരേക്കര്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.

'ഫോര്‍മാറ്റ് ഏത് തന്നെയാണെങ്കിലും ഒരു കളിക്കാരന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ റെക്കോഡുകള്‍ നോക്കിയാല്‍ അയാളെ കുറിച്ചുള്ള ഒരു പൊതുധാരണ ലഭിക്കും. സഞ്ജു സാംസന്റെ കാര്യത്തില്‍ അതാണ് എന്നെ ആശങ്കപ്പെടുത്തുന്നത്. 37 ആണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ സഞ്ജുവിന്റെ ബാറ്റിങ് ശരാശരി. മായങ്കിന്റേത് 57ഉം വെറും 21 മത്സരങ്ങളില്‍ നിന്ന് അമ്പരപ്പിക്കുന്ന 73 ആണ് ഗില്ലിന്റെ ശരാശരി.' - മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.

IPL 2020 Sanjay Manjrekar has pointed out SanjuSamson first class average as concerning

ഐ.പി.എല്‍ 13-ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി ആദ്യ രണ്ടു മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു പിന്നീടുള്ള മൂന്ന് മത്സരങ്ങളില്‍ തീര്‍ത്തും പരാജയമായിരുന്നു. ഇതിനു പിന്നാലെ താരത്തിനെതിരേ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മഞ്ജരേക്കറുടെ ട്വീറ്റ്.

Content Highlights: IPL 2020 Sanjay Manjrekar has pointed out Sanju Samson first class average as concerning