ദുബായ്: ഐ.പി.എല്‍ 13-ാം സീസണില്‍ കളിക്കുന്ന ഒരു താരത്തെ വാതുവെയ്പ്പുകാര്‍ സമീപിച്ചതായി റിപ്പോര്‍ട്ട്. താരം തന്നെ ഇക്കാര്യം ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിക്കുകയായിരുന്നു. 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യു.എ.ഇയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ താരങ്ങളെല്ലാം ബയോ സെക്യുര്‍ ബബിളിനുള്ളിലായതിനാല്‍ മറ്റ് വ്യക്തികള്‍ താരങ്ങളെ സമീപിക്കാനുള്ള സാധ്യത കുറവാണ്. അതിനാല്‍ തന്നെ കളിക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഇക്കാര്യം ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗം മേധാവി അജിത് സിങ് സ്ഥിരീകരിച്ചിട്ടുണ്ട്. താരത്തിന്റെ സുരക്ഷയും അഴിമതി വിരുദ്ധ പ്രോട്ടോക്കോള്‍ പ്രകാരവും വാതുവെയ്പ്പുകാര്‍ സമീപിച്ച താരത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Content Highlights: IPL 2020 a cricketer in IPL reported a corrupt approach