ദുബായ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കനത്ത തിരിച്ചടി. രണ്ടാം തീയതി ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ബൗളര്‍ ഭുവനേശ്വര്‍ കുമാറിന് ഐ.പി.എല്‍ 13-ാം സീസണ്‍ നഷ്ടമാകും. ഇടുപ്പിനേറ്റ പരിക്കാണ് താരത്തിന് വില്ലനായത്.

നിലവില്‍ ഈ സീസണിലെ അഞ്ചു മത്സരങ്ങളില്‍ മൂന്നും തോറ്റ് ഏഴാം സ്ഥാനത്തായ ഹൈദരാബാദിന് ഭുവനേശ്വറിന്റെ പരിക്ക് കനത്ത തിരിച്ചടിയാകും. 

ഭുവനേശ്വറിന്റെ അഭാവത്തില്‍ മുംബൈക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ പരിചയസമ്പന്നരല്ലാത്ത ബൗളിങ് നിരയുമായാണ് ഹൈദരാബാദ് കളിക്കാനിറങ്ങിയത്. സന്ദീപ് ശര്‍മ, ടി. നടരാജന്‍, സിദ്ധാര്‍ഥ് കൗള്‍ എന്നിവരായിരുന്നു പേസ് നിരയില്‍.

ചെന്നൈക്കെതിരായ മത്സരത്തിന്റെ 19-ാം ഓവറിലാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. ഇതോടെ ഓവര്‍ പൂര്‍ത്തിയാക്കാതെ താരം കളംവിടുകയായിരുന്നു. 

അതേസമയം ഭുവനേശ്വറിന്റെ പരിക്ക് ഐ.പി.എല്ലിനു പിന്നാലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിനും തിരിച്ചടിയാകും.

Content Highlights: hip unjury pacer Bhuvneshwar Kumar ruled out of IPL 2020