മുംബൈ: സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം.എസ് ധോനിക്കെതിരേ കടുത്ത വിമർശനമുയർന്നിരുന്നു. 39-കാരനായ ധോനിയുടെ ഫിറ്റ്നെസായിരുന്നു ഈ വിമർശനങ്ങളിലേക്ക് വഴിവെച്ചത്. മത്സരത്തിനിടെ കനത്ത ചൂടിൽ തളർന്ന ധോനി ചുമയ്ക്കുകയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയും ചെയ്തു. അവസാന രണ്ട് ഓവറിനിടെ ഇടയ്ക്ക് ധോനി കാൽമുട്ടിൽ കൈ കുത്തി നിൽക്കുകയും ചെയ്തു.

ഇതോടെ ധോനിയുടെ പ്രായവും കളിക്കാനുള്ള ബുദ്ധിമുട്ടും ചർച്ചയായി. ചിലർ ധോനിയെ പിന്തുണച്ച് രംഗത്തെത്തിയപ്പോൾ മറ്റുചിലർ ധോനിയ വിമർശിച്ച് ട്വീറ്റ് ചെയ്തു. ഇത്തരത്തിൽ ഇന്ത്യയുടെ മുൻതാരം ഇർഫാൻ പഠാന്റെ ഒരു ട്വീറ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. ധോനിയെ പരോക്ഷമായി വിമർശിക്കുന്നതാണ് ഈ ട്വീറ്റെന്നണ് ആരാധകരുടെ കണ്ടെത്തൽ.

'ചിലർക്ക് പ്രായം വെറും നമ്പർ മാത്രം. മറ്റു ചിലർക്ക് ടീമിന് പുറത്തേക്കുള്ള വഴിയും'-ഇതായിരുന്നു ഇർഫാന്റെ ട്വീറ്റ്. മുപ്പതു വയസ്സാകും മുമ്പെ ഇന്ത്യൻ ടീമിൽ സ്ഥാനം നഷ്ടപ്പെട്ട ഇർഫാൻ പഠാൻ ധോനിയെ ലക്ഷ്യമിട്ടാണ് ഈ ട്വീറ്റ് ചെയ്തതെന്നാണ് ചില ആരാധകർ ഈ ട്വീറ്റിന് താഴെ കമന്റായി പറഞ്ഞിരിക്കുന്നത്. നിരവധി പേർ ഈ ട്വീറ്റ് ലൈക്ക് ചെയ്യുകയും റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ഇതിനെല്ലാം പിന്നാലെ ഇർഫാാൻ പഠാന് പിന്തുണയുമായി ഹർഭജൻ സിങ്ങ് രംഗത്തെത്തിയതോടെ ഈ ട്വീറ്റ് കൂടുതൽ ചർച്ചയായി. പൂർണമായും നിങ്ങളോട് യോജിക്കുന്നു എന്നായിരുന്നു ഇന്ത്യയുടേയും ചെന്നൈ സൂപ്പർ കിങ്സിന്റേയും സ്പിന്നറായ ഭാജിയുടെ ട്വീറ്റ്. ഐ.പി.എൽ ഈ സീസണിൽ ഹർഭജൻ സിങ്ങ് ചെന്നൈ ടീമിനൊപ്പം ചേർന്നിരുന്നില്ല. ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് ഹർഭജൻ വ്യക്തമാക്കിയിരുന്നു ഇതോടെ ഹർഭജനുമായുള്ള കരാർ ചെന്നൈ ടീം റദ്ദാക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

Content Highlights: Harbhajan Singh reacts to Irfan Pathans tweet IPL 2020 MS Dhoni