ഷാർജ: ഐ.പി.എല്ലിൽ വിജയത്തോടെ തുടങ്ങിയെങ്കിലും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും രാജസ്ഥാൻ റോയൽസിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോടും തോൽക്കാനായിരുന്നു വിധി.

മധ്യനിരയിൽ റോബിൻ ഉത്തപ്പയും റിയാൻ പരാഗും പരാജയപ്പെടുന്നതാണ് രാജസ്ഥാന്റെ തോൽവിക്ക് കാരണമെന്ന് ഇന്ത്യയുടെ മുൻതാരം ഗൗതം ഗംഭീർ ചൂണ്ടിക്കാട്ടുന്നു. ഉത്തപ്പ പ്രതീക്ഷയ്ക്കൊത്തുയരുന്നില്ലെന്നും ഗംഭീർ പറയുന്നു. അതേസമയം ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്ക്സ് ടീമിനൊപ്പം ചേർന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണെന്നും ഗംഭീർ അഭിപ്രായപ്പെട്ടു.

'സത്യസന്ധമായി പറയുകയാണെങ്കിൽ ഉത്തപ്പ ഫോമിലാണെന്ന് തോന്നുന്നതേ ഇല്ല. മത്സരം മികച്ച രീതിയിൽ ഫിനിഷ് ചെയ്യാൻ കഴിവുള്ള താരമായിരുന്നു ഉത്തപ്പ. അതിൽ പരാജയപ്പെടുന്നുണ്ടെങ്കിൽ മധ്യനിരയിലെങ്കിലും ടീമിന് കരുത്ത് പകരണം. റിയാൻ പരാഗിന്റേയും അവസ്ഥ ഇതുതന്നെയാണ്. ഇതുവരെ റിയാൻ പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുത്തിട്ടില്ല. ഇനി ടീമിനൊപ്പം ചേർന്ന ബെൻ സ്റ്റോക്ക്സിൽ മാത്രമാണ് പ്രതീക്ഷയുള്ളത്.' ഗംഭീർ വ്യക്തമാക്കി.

സ്റ്റീവ് സ്മിത്തിനും ജോസ് ബട്ലർക്കും സഞ്ജു സാംസണും അമിതഭാരം നൽകുന്നത് ടീമിന് ഗുണകരമല്ലെന്നും മധ്യനിരയിൽ ടീം കൂടുതൽ കരുത്തു കാട്ടണമെന്നും ഗംഭീർ പറയുന്നു.

Content Highlights: Gautam Gambhir, Robin Uthappa, Riyan Parag, IPL 2020