ദുബായ്: തുടർച്ചയായ രണ്ടാം മത്സരത്തിലാണ് വെടിക്കെട്ട് വീരനായ ക്രിസ് ഗെയ്ൽ ഇല്ലാതെ കിങ്സ് ഇലവൻ പഞ്ചാബ് കളിക്കാനിറങ്ങുന്നത്. 41-കാരനായ ഗെയ്ലിന്റെ പ്രകടനം കാണാൻ കാത്തിരുന്ന ആരാധകർ രണ്ടു മത്സരങ്ങളിലും നിരാശരായിരുന്നു. ഈ രണ്ട് മത്സരങ്ങളിലും മായങ്ക് അഗർവാൾ-കെ.എൽ രാഹുൽ സഖ്യമാണ് പഞ്ചാബിനായി ഓപ്പൺ ചെയ്തത്.

ഗെയ്ൽ ടീമിൽ ഇല്ലാത്തതിന്റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ക്യാപ്റ്റൻ കെ.എൽ രാഹുൽ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സത്തിൽ ടോസിനെത്തിയപ്പോഴാണ് രാഹുൽ ഗെയ്ലിനെ കുറിച്ച് സംസാരിച്ചത്. ഗെയ്ലിനെ കുറിച്ച് ആർക്കും ആധി വേണ്ടെന്നും കൃത്യസമയത്ത് അദ്ദേഹം ടീമിൽ കളിക്കുമെന്നും രാഹുൽ പറയുന്നു.

നേരത്തെ കിങ്സ് ഇലവൻ പഞ്ചാബിന്റെ പരിശീലകൻ അനിൽ കുംബ്ലെയും ഗെയ്ലിനെ കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കിയിരുന്നു. യുവതാരങ്ങൾക്ക് പ്രചോദനം നൽകേണ്ട താരമാണ് ഗെയ്ലെന്നും താരമാണെങ്കിലും അല്ലെങ്കിലും ഗെയ്ലിന് കിങ്സ് ഇലവൻ പഞ്ചാബിന് വലിയ റോൾ വഹിക്കാനുണ്ടെന്നും കുംബ്ലെ നേരത്തെ വ്യക്തമാക്കിയിരുന്നു.

'ഗെയ്ലിന്റെ പരിചയസമ്പത്ത്, വിവിധ ലീഗുകളിൽ കളിച്ചുള്ള അറിവ്, ഇതെല്ലാം പഞ്ചാബിന്റെ താരങ്ങൾക്ക് ആവശ്യമുണ്ട്. യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലും ഗെയ്ലിന്റെ സഹായം ആവശ്യമാണ്. ടീമിന്റെ മെന്ററായി അദ്ദേഹം പ്രവർത്തിക്കണം.-കുംബ്ലെ കൂട്ടിച്ചേർത്തു.

Content Highlights: Chris Gayle, Kings XI Punjab, KL Rahul, IPL 2020